Janaprakasam
റാഞ്ചി: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി റാഞ്ചി രൂപത. അറസ്റ്റ് അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നു എന്നും രാത്രി അറസ്റ്റു ചെയ്ത നടപടി കടുത്ത അനീതിയാണെന്നും കത്തോലിക്കാ സഭ പ്രതികരിച്ചു.
വൃദ്ധനായ ഒരാളെ അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്തുകൊണ്ടുപോകേണ്ട എന്ത് സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്ന് റാഞ്ചി രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചോദിക്കുന്നു.
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
റാഞ്ചിയില്‍ നിന്ന് അദ്ദേഹത്തെ മുംബൈയിലേക്ക് കൊണ്ടുവന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി അദ്ദേഹത്തെ ഒക്ടോബര്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയും ചെയ്തു. തലോജ സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്.
”എന്‍ഐഎ പോലൊരു ഏജന്‍സിക്ക് യാതൊരു തരത്തിലും നേട്ടമുണ്ടാക്കുന്ന നീക്കമല്ല ഇത്. അറസ്റ്റ് പോലൊരു നീക്കത്തിലേക്ക് കടക്കുകയാണെങ്കില്‍ അര്‍ദ്ധരാത്രി എന്തിനാണ് വൃദ്ധനായ സ്റ്റാന്‍ സ്വാമിയുടെ വീട്ടില്‍ കടന്നുകയറിയതെന്ന കാര്യം ഇനിയും വ്യക്തമാകുന്നില്ല”, എന്നും റാഞ്ചി രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
”വൃദ്ധനായ ഒരാളെ കസ്റ്റഡിയിലെടുത്ത്, ജയിലിലടയ്ക്കുമ്ബോള്‍, ഇത് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാകേണ്ടതായിരുന്നു. ഉദ്യോഗസ്ഥരോട്, രാത്രി സമയമാണെന്നും, തനിക്ക് അസുഖങ്ങളുണ്ടെന്നും, പകല്‍ ഓഫീസിലെത്തി അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പല തവണ അപേക്ഷിച്ചതാണെന്ന സാഹചര്യം കൂടി കണക്കിലെടുത്താല്‍, എന്‍ഐഎയുടെ നീക്കം തീര്‍ത്തും അപലപനീയമാണ്”, എന്ന് രൂപത പറയുന്നു.
2017 ഡിസംബര്‍ 31-ന് എല്‍ഗാര്‍ പരിഷദ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ പുനെയിലെ ശനിവാര്‍ വാഡയില്‍ സംഘടപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ പരിപാടി മാവോയിസ്റ്റ് അനുഭാവമുള്ളവര്‍ സംഘടിപ്പിച്ചതാണെന്നും, ഇതില്‍ മാവോയിസ്റ്റ് അനുകൂല നീക്കങ്ങള്‍ നടന്നെന്നുമാണ് പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ളത്.
ഈ പരിപാടിയാണ്, പിന്നീട് 2018 ജനുവരി 1-ന് നടന്ന ഭീമ കൊറേഗാവ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത് എന്നാണ് എഫ്‌ഐആര്‍ പറയുന്നത്. 1818-ല്‍ മറാഠാ പേഷ്വമാര്‍ക്കെതിരെ ഭീമ കൊറേഗാവില്‍ ബ്രിട്ടീഷുകാരുടെ നേതൃത്വത്തില്‍ ഒരു വലിയ സംഘം ദളിത് വംശജര്‍ സംഘടിച്ച് യുദ്ധം ചെയ്തിരുന്നു. ഇതില്‍ ജയിച്ചത് ബ്രിട്ടീഷുകാര്‍ക്ക് പിന്നില്‍ അണിനിരന്ന ദളിത് സൈന്യമാണ്. ഈ ജയം ആഘോഷിക്കാന്‍ ലക്ഷക്കണക്കിന് ദളിതരാണ് 2018 ജനുവരിയില്‍ ഭീമ കൊറേഗാവിലെത്തിയത്. എന്നാല്‍ ഇതിനിടെ ഉണ്ടായ അക്രമത്തില്‍ ഇരുപത്തിയെട്ടുകാരനായ രാഹുല്‍ പതംഗ്ലെ എന്ന യുവാവ് കൊല്ലപ്പെട്ടു. വലിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. ഇതിന് പിന്നില്‍ മാവോയിസ്റ്റ് ശക്തികളാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശപ്രവര്‍ത്തകനുമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. മുപ്പത് വര്‍ഷത്തിലധികമായി ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം, ആദിവാസിജനസമൂഹങ്ങളുടെ ഭൂമി, വനസംരക്ഷണസമരങ്ങളിലും തുല്യവേതനം തേടിയുള്ള പോരാട്ടങ്ങളിലും സജീവമാണ്.