Menu Close
വിദേശ സ്‌കോളര്‍ഷിപ്പ്
October 9, 2020

Janaprakasam

വിദേശപഠനം ഏറെ പണച്ചിലവുള്ളതാണ്. എന്നാലോ സാമ്ബത്തികമായി മുന്‍പന്തിയിലുള്ളവര്‍ക്കു മാത്രം സാധ്യമായതാണു വിദേശപഠനം എന്ന ധാരണ തെറ്റായതുമാണ്. കാരണം, സ്വന്തം പണമെന്നതിനപ്പുറം വിദേശപഠനത്തിന് മറ്റു സാമ്ബത്തിക സ്രോതസ്സുകളുമുണ്ട്. സ്‌കോളര്‍ഷിപ്പ്, പാര്‍ട്ട്‌ടൈം തൊഴില്‍, ബാങ്ക്‌ലോണ്‍ എന്നിവയിലൂടെ പഠനച്ചെലവും ജീവിതച്ചെലവും പഠിതാക്കള്‍ക്ക് കണ്ടെത്താനാകും. ഇവയില്‍ തന്നെ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വിദേശപഠന സ്‌കോളര്‍ഷിപ്പുകള്‍.

വിവിധതരം സ്‌കോളര്‍ഷിപ്പുകള്‍

സ്‌കോളര്‍ഷിപ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മെറിറ്റ് സ്‌കോളര്‍ഷിപ്പുകളാണ്.
വിദ്യാര്‍ത്ഥിയുടെ ഇതുവരെയുള്ള അക്കാദമിക് പ്രാഗത്ഭ്യവും പഠിക്കുവാനാഗ്രഹിക്കുന്ന വിഷയത്തിലള്ള താത്പര്യവും അറിവും അടിസ്ഥാനമാക്കിയാണു മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. പഠനനേട്ടത്തോടൊപ്പം വിദ്യാര്‍ത്ഥി തന്നെക്കുറിച്ചും പഠനത്തിനായി തെരഞ്ഞെടുത്ത കോഴ്‌സ് എന്തുകൊണ്ട് പഠിക്കണമെന്നതിനെക്കുറിച്ചും തയ്യാറാക്കുന്ന സാമാന്യം ദൈര്‍ഘ്യമുള്ള കുറിപ്പുകളും ഇന്റര്‍വ്യൂവും അടിസ്ഥാനമാക്കിയാണ് ഒട്ടുമിക്ക മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കും ഉള്ള യോഗ്യതകള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്.

പ്രത്യേക രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പുകളുണ്ട്. ഉദാഹരണത്തിന് ഇംഗ്ലണ്ടിലെ പഠനത്തിനായുള്ള ഷെവനിംഗ് സ്‌കോളര്‍ഷിപ്പ്, ന്യൂസിലന്‍ഡ് ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പ് എന്നിവ ഇന്ത്യയുള്‍പ്പെടെയുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കു മാത്രമുള്ളതാണ്.

മറ്റൊരുദാഹരണം ഫെലിക്‌സ് സ്‌കോളര്‍ഷിപ്പാണ്. ഓക്‌സ്ഫഡ്, റീഡ്‌സ്, എസ് ഒ എ എസ് എന്നീ യൂണിവേഴ്‌സിറ്റികളില്‍ പഠനമാഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് 20 പിന്നോക്ക രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായുള്ളതാണിത്.

പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, കായികരംഗത്തു മികവു തെളിയിച്ചവര്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകള്‍, പ്രത്യേക വിഷയങ്ങള്‍ പഠിക്കുന്നതിനായുള്ള സ്‌കോളര്‍ഷിപ്പുകള്‍, ലിംഗം, മതം, കുടുംബപശ്ചാത്തലം എന്നിവ അടിസ്ഥാനമാക്കിയുള്ള സ്‌കോളര്‍ഷിപ്പുകള്‍, അംഗപരിമിതര്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയും ലഭ്യമാണ്.


എങ്ങനെ കണ്ടെത്താം?

പഠിക്കുവാനുദ്ദേശിക്കുന്ന വിഷയം, രാജ്യം എന്നിവ തീരുമാനിച്ചതിനു ശേഷം മികച്ച യൂണിവേഴ്‌സിറ്റികള്‍ ഷോര്‍ട്ട് ലിസ്റ്റു ചെയ്യണം. മികച്ച എല്ലാ യൂണിവേഴ്‌സിറ്റികളുടെയും വെബ്‌സൈറ്റില്‍ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്കിയിട്ടുണ്ട്.

ഓരോ കോഴ്‌സിനും ലഭ്യമായ സ്‌കോളര്‍ഷിപ്പുകളുടെ തുക, അപേക്ഷിക്കേണ്ട വിധം, തെരഞ്ഞെടുപ്പു രീതി തുടങ്ങിയവയൊക്കെ സൈറ്റുകളില്‍ നിന്നു ലഭിക്കും. മറ്റു രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള സാംസ്‌ക്കാരിക-വിദ്യാഭ്യാസ വിനിമയ കരാറുകളുടെ അടിസ്ഥാനത്തില്‍ നല്കുന്ന സ്‌കോളര്‍ഷിപ്പുകളുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നല്കിയിട്ടുണ്ട്. (www.mhrd.gov.inbscholarshkips-education-loan-2) എന്ന വെബ്‌സൈറ്റില്‍ നല്കിയിട്ടുള്ള ലിങ്കുവഴി അപേക്ഷിക്കുകയും ചെയ്യാം.

ഇന്ത്യയിലെ ടാറ്റാ ട്രസ്റ്റ് പോലുള്ള സ്വകാര്യ സംരംഭകര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചറിയുവാനും അപേക്ഷിക്കുവാനും അതാതു വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണം. മുമ്ബു സൂചിപ്പിച്ചതുപോലെ കോഴ്‌സും യൂണിവേഴ്‌സിറ്റിയും അനുസരിച്ച്‌ ലഭ്യമായ സ്‌കോളര്‍ഷിപ്പുകള്‍ നെറ്റില്‍ നിന്നു കണ്ടെത്താം. ഇന്റര്‍നെറ്റ് സെര്‍ച്ച്‌ ചെയ്യുമ്ബോള്‍ പലപ്പോഴും വിദേശ പഠന ഏജന്‍സികളുടെ സൈറ്റുകളാവും മുന്നില്‍ വരിക. ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ അവയെ ഒഴിവാക്കി, സ്‌കോളര്‍ഷിപ്പ് ദാതാക്കളുടെ സത്യസന്ധമായ ലിസ്റ്റ് കണ്ടെത്തുകയും അതനുസരിച്ച്‌ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ എത്തിച്ചേരുകയും വേണം.


സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതെങ്ങിനെ?

മിക്ക യൂണിവേഴ്‌സിറ്റികളിലും കോഴ്‌സിനായുള്ള അപേക്ഷ തന്നെ സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷയായിക്കൂടി പരിഗണിക്കും. പ്രത്യേകം അപേക്ഷിക്കേണ്ടതായി വരാറില്ല. എന്നാല്‍ ഇതൊരു പൊതുനിയമമല്ല എന്നറിയുക. യൂണിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റില്‍ നല്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ അപേക്ഷകള്‍ തയ്യാറാക്കണം.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകള്‍ സൂക്ഷ്മതയോടെ തയ്യാറാക്കിയിരിക്കണം, പ്രത്യേകിച്ചം തന്നെക്കുറിച്ചും പഠനലക്ഷ്യത്തെക്കുറിച്ചുമൊക്കെയുള്ള റൈറ്റപ്പുകള്‍. ഇവയെ അടിസ്ഥാനമാക്കിയും ഇവയിലുള്ള വിവരങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിശദമായ ഇന്‍ര്‍വ്യൂകള്‍ അടിസ്ഥാനമാക്കിയാവും പലപ്പോഴും തിരഞ്ഞെടുപ്പുകള്‍ നടക്കുക.


ലഭ്യമാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഏതെല്ലാം?

വിവിധ വിദേശരാഷ്ട്രങ്ങളില്‍ പഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമായ സ്‌കോളര്‍ഷിപ്പുകള്‍ നൂറു കണക്കിനുണ്ട്. അവയെല്ലാമറിയാന്‍ വെബ് സെര്‍ച്ചിങ് തന്നെയാണ് രക്ഷ. എന്നാല്‍ പ്രധാനപ്പെട്ട ചില രാജ്യങ്ങളിലേക്കുള്ള പഠന സ്‌കോളര്‍ഷിപ്പുകളെ പരിചയപ്പെടുത്താം.

പ്രാതിനിധ്യസ്വഭാവമുള്ള ഈ ലിസ്റ്റ് സാമ്ബിളായി കണ്ടാല്‍ മതി.

A. യു എസ് എ:

ഇന്‍ലാക് ശിവ്ദാസനി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്, ഫുള്‍ബ്രൈറ്റ് – നെഹ്രു ഫെലോഷിപ്പ്, ഹുബര്‍ട്ട് ഹംഫ്രി ഫെലോഷിപ്പ്, സ്റ്റാന്‍ഫഡ് റിലയന്‍സ് ധീരുബായ് ഫെലോഷിപ്പ്, റോട്ടറി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്, അക്തറലി റ്റുബാക്കോ വാലാ ഫെലോഷിപ്പ്, ഇന്ത്യന്‍ ട്രസ്റ്റ് ഫെലോഷിപ്പ്, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി എമേര്‍ജിംഗ് ഗ്ലോബല്‍ ലീഡര്‍ സ്‌കോളര്‍ഷിപ്പ്, ടാറ്റാ സ്‌കോളര്‍ഷിപ്പ് എന്നിവ.

B. യു കെ:

കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ്, റോഡ്‌സ് സ്‌കോളര്‍ഷിപ്പ്, ഫെലിക്‌സ് സ്‌കോളര്‍ഷിപ്പ്, ഡോ. മന്‍മോഹന്‍സിംഗ് സ്‌കോളര്‍ഷിപ്പ്, ഷെവനിംഗ് സ്‌കോളര്‍ഷിപ്പ്, ഇന്‍ലാക് സ്‌കോളര്‍ഷിപ്പ്, ഗോവ എഡ്യുക്കേഷന്‍ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ്, ലേഡി മെഹര്‍ബായി ടാറ്റ സ്‌കോളര്‍ഷിപ്പ്, ഹോണ്‍ബി സ്‌കോളര്‍ഷിപ്പ്, ഓക്‌സ്ഫഡ്-കേംബ്രിഡ്ജ് സൊസൈറ്റി ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പ്, ഇംപീരിയല്‍ കോളജ് ഇന്ത്യ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ.

C. ആസ്‌ട്രേലിയ:

ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഇന്റര്‍നാഷണല്‍ പോസ്റ്റ് ഗ്രാറ്റുവേറ്റ് റിസര്‍ച്ച്‌ സ്‌കോളര്‍ഷിപ്പ്, മക്വയറി യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ്, മെല്‍ബണ്‍-ഇന്ത്യ സ്‌കോളര്‍ഷിപ്പ്, ആസ്‌ട്രേലിയ അവാര്‍ഡ് സ്‌കോളര്‍ഷിപ്പ്, ഫ്യൂച്ചര്‍ ഓഫ് ചെയ്ഞ്ച് സ്‌കോളര്‍ഷിപ്പ്, ജാസന്‍ (JASON) കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ് എന്നിവ.

D. ന്യൂസിലാന്‍ഡ്:

കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ്, ന്യൂസിലാന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ് എന്നിവ.

E. ചൈന:

ചൈനീസ് ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ്, വാവേ മൈട്രീ സ്‌കോളര്‍ഷിപ്പ് എന്നിവ

മേല്‍പ്പറഞ്ഞ രാജ്യങ്ങളിലേക്കുള്ള മറ്റു സ്‌കോളര്‍ഷിപ്പുകളെപ്പറ്റിയും മറ്റു രാജ്യങ്ങളിലേക്കുള്ള സ്‌കോളര്‍ഷിപ്പുകളെപ്പറ്റിയും ഇന്‍ര്‍നെററ് സെര്‍ച്ചിങ്ങിലൂടെ കണ്ടെത്താനാവും.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപരിപഠനത്തിനുള്ള മികച്ച സ്‌കോളര്‍ഷിപ്പ്/ഫെല്ലോഷിപ്പ് പ്രോഗ്രാമായ എറാസ്‌മസ് മുണ്ടസ് പ്രോഗ്രാം, ടാറ്റ എന്‍ഡോവ്‌മെന്റ്, ഇന്‍ലാക്, കെ.സി. മഹീന്ദ്ര സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷിക്കാര്‍ക്കായുള്ള നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്, പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഡോ. അംബേദ്കര്‍ സ്‌കീം, ഇന്ത്യ ഫോര്‍ ഈ.യു., നരോത്തം സെക്ഷാരിയ സ്‌കോളര്‍ഷിപ്പ് എന്നിവയൊക്കെയും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്ന സ്കോളര്‍ഷിപ്പുകളുടെ ഗണത്തില്‍ പെടുന്നവയാണ്.

ചുരുക്കത്തില്‍, കയ്യില്‍ കാശില്ലെന്ന് കരുതി വിദേശ പഠനത്തില്‍ നിന്ന് മുഖം തിരിക്കേണ്ടതില്ല. ബാക്കി മാനണ്ഡങ്ങള്‍ പാലിക്കപ്പെടുകയാണെങ്കില്‍ പഠിക്കാനുള്ള പണം സ്കോളര്‍ഷിപ് രൂപത്തില്‍ നിങ്ങളെ തേടിയെത്തും തീര്‍ച്ച.

(സിജി ഇന്‍റര്‍നാഷനല്‍ കരിയര്‍ ആര്‍ ആന്‍ഡ് ഡി ടീം കോര്‍ഡിനേറ്ററാണ് ലേഖകന്‍)

Share on facebook
Share on twitter
Share on whatsapp