Janaprakasam
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിലെ പത്ത് ശതമാനം സംവരണം ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ വരുത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു. സാമ്പത്തികസംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നിലവിൽ വന്നത് ഒക്ടോബർ 23നാണ്. ഈ തീയതി മുതൽ നിലവിലുള്ള വിജ്ഞാപനങ്ങൾക്ക്, സംവരണേതര വിഭാഗങ്ങൾക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണാനുകൂല്യം ബാധകമായിരിക്കും. 23ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി അവസാനിച്ചിട്ടില്ലാത്ത വിജ്ഞാപനങ്ങളിൽ അർഹരായ ഉദ്യോഗാർഥികൾക്ക് ആനുകൂല്യം അവകാശപ്പെടുന്നതിന് ഓൺലൈൻ അപേക്ഷയിലും പ്രൊഫൈലിലും ആവശ്യമായ ഭേദഗതികൾ വരുത്തും.
നവംബർ നാലുവരെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയുള്ള വിജ്ഞാപനങ്ങളിൽ സംവരണാനുകൂല്യം അവകാശപ്പെടുന്നതിന് 14ന് അർധരാത്രി 12 വരെ സമയം ദീർഘിപ്പിച്ച് നൽകും. സംവരണം അനുവദനീയമല്ലാത്ത വകുപ്പുതല ക്വോട്ട തസ്തികയുടെ വിജ്ഞാപനങ്ങൾക്ക് തീയതി ദീർഘിപ്പിക്കൽ ബാധകമല്ല. ഒക്ടോബർ 30 മുതലുള്ള വിജ്ഞാപനങ്ങളിൽ സർക്കാർ ഉത്തരവ് പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ബാധകമാക്കും.