Janaprakasam
പാലക്കാട് : സമൂഹത്തിൽ ദുരിതവും അവശതയും അനുഭവിക്കുന്ന വ്യക്തികളെ സഹായിക്കുന്നതിനായി പാലക്കാട് രൂപതയിൽ കത്തോലിക്കാ കോണ്‍ഗ്രസ് ഹാർട്ട് ലിങ്ക്സ് സംരംഭത്തിന് തുടക്കം കുറിച്ചു. പാലക്കാട് രൂപതാ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് ഹാർട്ട് ലിങ്ക്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അവശത അനുഭവിക്കുന്ന ആളുകളെ അവരുടെ ആവശ്യം കണ്ടറിഞ്ഞ്, അവർക്കു വേണ്ട സഹായം എത്തിക്കാനുള്ള ഏറ്റവും മഹത്തായ സംരംഭമാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്നതെന്ന്, പദ്ധതി ഉദ്ഘാടനവേളയിൽ പിതാവ് അഭിപ്രായപ്പെട്ടു.
കത്തോലിക്കാ കോണ്‍ഗ്രസ് ഹാർട്ട് ലിങ്ക്സ് പാലക്കാടിന്റെ ആദ്യ സഹായം, പാലക്കാട് ചന്ദ്രനഗർ ഡിവൈൻ പ്രൊവിഡൻസ് ഇടവകാംഗത്തിന്റെ ക്യാൻസർ ചികിത്സാർത്ഥം രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ സഹായം നല്കിക്കൊണ്ടായിരുന്നു. പ്രസ്തുത യോഗം പാലക്കാട് രൂപതാ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് തോമസ് ആന്റണി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. രൂപതാ സഹായ മെത്രാൻ മാർ. പീറ്റർ കൊച്ചുപുരയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. രൂപതാ ഡയറക്ടർ റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി സ്വാഗതവും, രൂപതാ ജനറല്‍സെക്രട്ടറി അജോ വട്ടുകുന്നേൽ നന്ദിയും പറഞ്ഞു. ചന്ദ്രനഗർ ഇടവക വികാരി ഫാ. ആന്റൂ അരീക്കാട്ട്, കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ ട്രഷറർ മാത്യു കല്ലടിക്കോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.