Janaprakasam
ഹിജാബ് വിവാദത്തിലേക്ക് അനാവശ്യമായി കന്യസ്ത്രീകളെ വലിച്ചിട്ടുകൊണ്ട് മുൻ മന്ത്രി കെ. ടി. ജലീൽ നടത്തിയ ഫേസ്ബുക്ക് പ്രതികരണത്തിന് മറുപടിയായ ആശയ സംവാദം : കെ. ടി. ജലീൽ – സി. സോണിയ തെരേസ് ഡി. എസ്. ജെ
കെ. ടി. ജലീല്‍.(മുന്‍മന്ത്രി)
ഹിജാബ് (ശിരോവസ്ത്രം അഥവാ തട്ടം അല്ലെങ്കില്‍ സ്കാഫ്) ആരുടെ മേലും നിര്‍ബന്ധമാക്കരുത്. നിരോധിക്കുകയുമരുത്. അര്‍ധനഗ്നതയും മുക്കാല്‍ നഗ്നതയുമൊക്കെ അനുവദനീയമായ നാട്ടില്‍, മുഖവും മുന്കയ്യും ഒഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും മറക്കാന്‍ താല്പര്യമുള്ളവരെ അതിനും അനുവദിക്കണം. അല്ലെങ്കില്‍ അതിനെ വിളിക്കുന്ന പേരാണ് അനീതി. ഒന്നിനെ സ്വാതന്ത്ര്യവും മറ്റൊന്നിനെ അസ്വാതന്ത്ര്യവുമായി കാണേണ്ട കാര്യമില്ല. എന്ത് ഉണ്ണണമെന്നും എന്ത് ഉടുക്കണമെന്നും നിഷ്കര്‍ഷിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ആരെന്ത് ഭക്ഷണം കഴിച്ചാലും ആരെന്ത് ധരിച്ചാലും അത് മറ്റൊരാളെ ബാധിക്കുന്ന വിഷയമേയല്ല. മുല മറയ്ക്കാനുള്ള പോരാട്ടം നടന്ന നാട്ടില്‍ തലമറക്കാനുള്ള പോരാട്ടത്തിന് ഒരുപറ്റം സ്ത്രീകള്‍ക്ക് ഇറങ്ങിത്തിരിക്കേണ്ടി വരുന്നത് ലജ്ജാകരമാണ്.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രധാരണ രീതി സ്വീകരിക്കുന്നത് തെറ്റല്ല. മൗലികാവകാശമാണ്. ബഹുമാനപ്പെട്ട കോടതികള്‍ ഭരണഘടനാനുസൃതമായാണ് കാര്യങ്ങളെ കാണേണ്ടത്. വ്യക്തിനിഷ്ഠമായിട്ടല്ല. കോഴിക്കോട്ടെ ഒരു സ്വകാര്യ എയ്ഡഡ് സ്കൂളില്‍ ഹിജാബ് (തട്ടം, സ്കാഫ്) ധരിച്ച് വരുന്നതിനെ അധികൃതര്‍ വിലക്കിയത് സത്യമാണെങ്കില്‍ അതു തികഞ്ഞ അന്യായമാണ്. അതിനെതിരെ പ്രതികരിക്കേണ്ടത് ആ സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണ്. അവര്‍ക്ക് മാനേജ്മെന്റ് നടപടിയില്‍ പരാതിയില്ലെങ്കില്‍ പുറമക്കാര്‍ ചെന്ന് ബഹളം വെക്കുന്നതിലും അര്‍ത്ഥമില്ല. സര്‍ക്കാര്‍ ശമ്പളം നല്കുന്ന സ്ഥാപനങ്ങളില്‍ അത് സ്വകാര്യമാണെങ്കില്‍ പോലും സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് ഭിന്നമായി നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല.
കുട്ടികള്‍ക്ക് പാടില്ലാത്തത് പഠിപ്പിക്കുന്ന അദ്ധ്യാപികമാര്‍ക്ക് പാടുണ്ടാകുന്നതിന്റെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളായ ടീച്ചര്‍മാര്‍ക്ക് ‘ഹിജാബ്’ അനുദിക്കപ്പെട്ടിടത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്. കന്യാസ്ത്രീ വേഷത്തില്‍ എത്രയോ കോളേജുകളിലും സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിര്‍ത്തിട്ടില്ല. ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല. എന്നിരിക്കെ ‘ഹിജാബി’ന്റെ കാര്യത്തില്‍ മാത്രം എന്തിനീ കോലാഹലം
മുന്‍മന്ത്രി ശ്രീ കെ. ടി. ജലീല്‍ ഫേസ്ബുക്കില്‍ ‘ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും’. എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് സി. സോണിയ തെരേസ് ഡി. എസ്. ജെ നല്കിയ മറുപടി:
ആദ്യം തന്നെ മുന്‍മന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികള്‍ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തര്‍ ധരിക്കുന്ന ശിരോവസ്ത്രത്തോട് (വെയ്ല്) താരതമ്യം ചെയ്യരുത് എന്ന് സ്നേഹപൂര്‍വ്വം ഒന്ന് ഓര്‍മ്മപ്പെടുത്തുന്നു. കാരണം പറക്കമുറ്റാത്ത പ്രായത്തില്‍ ആരും അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം. ക്രൈസ്തവ സന്യസ്തര്‍ 19 വയസ് പൂര്‍ത്തിയാകാതെ ആരും ഈ വെയ്ലോ, സന്യാസ വസ്ത്രമോ ധരിക്കാറില്ല…
ഒരു ക്രൈസ്തവ യുവതി സന്യാസിനി ആകാന്‍ ആഗ്രഹിച്ച് ഏതെങ്കിലും ഒരു മഠത്തിന്റെ പടികള്‍ കടന്ന് ചെന്നാല്‍, ‘ഇന്നാ പിടിച്ചോ. നീ ഈ വെയിലും വസ്ത്രവും ധരിച്ച് ഇനി മുതല്‍ ഇവിടെ ജീവിച്ചാല്‍ മതി’ എന്ന് ഒരു സന്യാസ സഭയുടെ അധികാരികളും പറയില്ല. കാരണം അവള് കടന്ന് പോകേണ്ട ചില കടമ്പകള്‍ ഉണ്ട്. അതായത് കുറഞ്ഞത് 5 വര്‍ഷം എന്താണ് സന്യാസം എന്ന് ആദ്യം തന്നെ ദൈവവചനത്തിന്റെ വെളിച്ചത്തില്‍ വ്യക്തമായി പഠിക്കണം. പിന്നെ അവരായിരിക്കുന്ന സന്യാസ സഭയുടെ നിയമാവലികളും അതാത് സന്യാസ സഭയുടെ ഡ്രസ്സ് കോഡും എന്താണ്, അത് എന്തിന് ധരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി പഠിച്ച ശേഷം അവള്‍ക്ക് ബോധ്യമായ കാര്യങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ കഴിയും എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കില്‍ മാത്രം, (ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല) പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു ജീവിതാന്തസാണ് സന്യാസം.
വ്യത്യസ്ത ചൈതന്യം ജീവിക്കുന്ന 420 – ല്‍ പരം സന്യാസ സഭകള്‍ (വിവിധ പ്രോവിന്സുകള് ഉള്‍പ്പെടെ) കേരളത്തില്‍ ഇന്ന് നിലവിലുണ്ട്. അവരില്‍ കാല്പാദം വരെ, അല്ലെങ്കില്‍ മുട്ടിന് താഴെവരെ നീളമുള്ള ഉടുപ്പിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നവരും ശിരോവസ്ത്രമില്ലാതെ സാരി മാത്രം ധരിക്കുന്നവരും ശിരോവസ്ത്രവും സാരിയും ധരിക്കുന്നവരും ചുരിദാര്‍ മാത്രം ധരിക്കുന്നവരും ഒക്കെ ഉണ്ട്. ഓരോ സന്യാസ സഭയുടെയും ഡ്രസ്സ് കോഡുകള്‍ വ്യത്യസ്തമായിരിക്കും. കാലത്തിനും ദേശത്തിനും സംസ്കാരത്തിനും അനുസരിച്ച് അല്പം ഫ്ലെക്സിബിള്‍ ആകാന്‍ ഞങ്ങള്‍ക്ക് മടി ഒന്നും ഇല്ല കേട്ടോ… അതായത് പിന്നോട്ടല്ല, മുന്നോട്ടാണ് ഞങ്ങള്‍ സഞ്ചരിക്കാറ്.
18 വയസ് പൂര്‍ത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് (18 വയസ് എന്ന് ഭരണഘടന പറഞ്ഞാലും 15 വയസ് മുതല്‍ നിര്‍ബന്ധിച്ച് വിവാഹം കഴിക്കേണ്ടി വരുന്ന ഇരുപത്തിഓരായിരത്തില്‍ പരം യുവതികള്‍ കേരളത്തില്‍ ഉണ്ട് എന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വായിച്ചത് ഓര്‍മ്മയിലുണ്ട്) ഒരു ക്രൈസ്തവ യുവതി പോലും ഇന്ന് 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം ഒന്ന് ഓര്‍മ്മിപ്പിക്കുന്നു. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളില്‍ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല… നിത്യവ്രതം ചെയ്തെങ്കില്‍ മാത്രമേ ഒരുവള്‍ക്ക് യഥാര്‍ത്ഥ സന്യാസിനി എന്ന അംഗീകാരം കിട്ടുകയുള്ളൂ…
ആദ്യവ്രതം മുതല്‍ നിത്യവ്രതം വരെയുള്ള 6 വര്‍ഷക്കാലം നവസന്യാസിനികള്‍ക്ക് ആര്‍ക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കില്‍ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസ സഭയുടെയും നിയമാവലി വ്യക്തമായി നല്‍കുന്നുണ്ട്. നിത്യവ്രതം ചെയ്താല്‍ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹം തോന്നിയാല്‍ ആരും അവരെ നിര്‍ബന്ധിച്ച് പിടിച്ച് വയ്ക്കാറുമില്ല. അതുപോലെ തന്നെ ആരും അവരുടെ തലയറുക്കുകയോ, കൈകാലുകള്‍ വെട്ടി നുറുക്കുകയോ ചെയ്യാറില്ലെന്നേ…
‘ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രധാരണ രീതി സ്വീകരിക്കുന്നത് തെറ്റല്ല. മൗലികാവകാശമാണ്’ എന്ന് താങ്കളുടെ പോസ്റ്റില്‍ കുറിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ പിന്നെ എന്തിനാണ് ക്രൈസ്തവ സന്യസ്തരെ നോക്കി ഇത്ര നൊമ്പരപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നത്..? കേരള ഹൈക്കോടതിയുടെ വിധിയാണ് ഓരോ സ്ഥാപനങ്ങളിലെയും യൂണിഫോം കോഡ് മാറ്റിമറിക്കാന്‍ ഗവണ്മെന്റിന് പോലും അധികാരം ഇല്ല എന്നത്.
ക്രൈസ്തവ സന്യസ്തര്‍ ഏതെങ്കിലും കോളേജില്‍ പഠിക്കാന്‍ ചെല്ലുമ്പോള്‍ സന്യാസ വസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വച്ചാല്‍, ഞങ്ങള്‍ ആരും സന്യാസ വസ്ത്രത്തോടെ എനിക്ക് അവിടെ പഠിച്ചേ മതിയാകൂ എന്ന് ഒരിക്കലും വാശി പിടിക്കാറില്ല. അല്ലെങ്കില്‍ സന്യാസിനിയായ ഒരാള്‍ക്കുവേണ്ടി 3000 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ നിയമം പൊളിച്ചെഴുതണം എന്ന് പറഞ്ഞ് ഞങ്ങളാരും പ്രകോപനവും മാര്‍ച്ചുമായി അവരെ ശല്യം ചെയ്യാറില്ല. യൂണിഫോം കോഡുള്ള സ്ഥാപനത്തില്‍ ആ യൂണിഫോം സ്വീകരിക്കാന്‍ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കില്‍ മറ്റ് ഏതെങ്കിലും സ്ഥാപനത്തില്‍ പോയി പഠിക്കും. ഒരു യൂണിഫോമിനു വേണ്ടി ആളെ കൂട്ടി കലാപം ഉണ്ടാക്കുന്ന തരംതാണ ശൈലി ഞങ്ങള്‍ക്കില്ല…
നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്പോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങള്‍ മറയ്ക്കാറില്ല. കാരണം മുഖം മറയ്ക്കുന്നത് ആ വ്യക്തിയുടെ വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. പിന്നെ
ആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തര്‍ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്. മറിച്ച് നൂറ്റാണ്ടുകളായി അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി. (യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ) ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നല്കി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങള്‍ക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാര്‍ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങള്‍ക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട് എന്ന സാക്ഷ്യം. ഇന്ന് നിങ്ങള്‍ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യര്‍ത്ഥമാണ് എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍… ഈ യാഥാര്‍ത്ഥ്യം അറിയാവുന്ന ഒരു സന്യാസിനിയും ഒരിക്കലും സന്യാസ വസ്ത്രം ഒരു അലങ്കാരമായി അണിയാറില്ല. കത്തോലിക്കാ സഭയെ താറടിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി ചിലര്‍ ഈ അടുത്ത നാളില്‍ ക്രൈസ്തവ സന്യാസ വസ്ത്രം അലങ്കാരമായി എടുത്തണിയാറുണ്ടെന്ന കാര്യം മറന്ന് പോയിട്ടില്ല…
1979 ലെ വിപ്ലവത്തില്‍ കൂടി അധികാരത്തില്‍ എത്തിയ ഇറാനിലെ പരമാധികാരി നടപ്പിലാക്കിയ നിര്‍ബന്ധിത വസ്ത്രധാരണത്തിന് എതിരെ ഇന്ന് ഇറാനില്‍ ഭയാനകമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഒരു പക്ഷേ ഇറാനിലെ പ്രതിഷേധങ്ങള്‍ ഒന്നും കേരള മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാറില്ലാത്തത് ഒരു പുത്തരിയല്ല. തങ്ങളുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ തങ്ങള്‍ സമ്മതിക്കില്ല എന്ന് സധൈര്യം വിളിച്ച് പറഞ്ഞ് മരണത്തെ പുല്കുന്ന നൂറുകണക്കിന് യുവജനങ്ങളുടെ ധീരത പാശ്ചാത്യ മാധ്യമങ്ങള്‍ ലോകത്തിന് മുമ്പില്‍ തുറന്ന് കാണിക്കുമ്പോള്‍ ഒത്തിരി വേദന തോന്നി. ഏത് മതം ആണെങ്കിലും ഏത് ജീവിതാന്തസ് ആണെങ്കിലും ആരും ആരെയും അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരിക്കരുത് വസ്ത്രധാരണം. പിന്നെ പ്രായപൂര്‍ത്തിയായ ഒരുവള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്ത ഒരു ജീവിതാന്തസിനെ നോക്കി പിറുപിറുക്കാനും കുറ്റപ്പെടുത്താനും പോകുന്നത് അവളുടെ മൗലിക സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഒരു കടന്നുകയറ്റം ആണ്. അതുകൊണ്ട് പരസ്പരം ബഹുമാനിക്കാന്‍ പഠിക്കാം എന്ന ഓര്‍മ്മപ്പെടുത്തലോടെ
സ്നേഹപൂര്‍വ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ
മറുപടിയായി കെടി ജലീല്‍ എഴുതിയ തുറന്ന കത്ത്:
പ്രിയപ്പെട്ട സിസ്റ്റര്‍, ക്ഷേമം നേരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ ധരിക്കുന്ന ‘ഹിജാബ്’ അഥവാ ശിരോവസ്ത്രവുമായി (തട്ടം, സ്കാഫ്) ബന്ധപ്പെട്ട് ഞാന്‍ എഴുതിയ കുറിപ്പിന് സഹോദരിയുടെ ഒരു മറുകുറിപ്പ് കാണാനിടയായി. അതില്‍ ചില തെറ്റിദ്ധാരണകള്‍ കടന്ന് കൂടിയത് കൊണ്ടാണ് ഇങ്ങിനെയൊരു തുറന്ന കത്ത്.
1) ‘ഹിജാബ്’ അഥവാ ശിരോ വസ്ത്രം മുഖംമൂടിയാണെന്നാണ് സഹോദരി തെറ്റിദ്ധരിച്ചിരിക്കുന്നത്. മുഖംമൂടിക്ക് പറയുന്ന പേര് ‘നിഖാബ്’ എന്നാണ്. മണല്‍ കാറ്റില്‍ നിന്ന് രക്ഷ നേടാന്‍ അറേബ്യന്‍ സ്ത്രീകള്‍ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന സമ്പ്രദായമാണത്. അതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല. വിശ്വാസിനിയായ ഒരു മുസ്ലിം സ്ത്രീയോട് ഇസ്ലാമതം അനുശാസിക്കുന്ന വേഷം മുന്കയ്യും മുഖവും ഒഴിച്ച് ബാക്കി ശരീര ഭാഗങ്ങള്‍ മറക്കണമെന്നാണ്. അത്, സാരി ഉള്‍പ്പടെ ലോകത്തിലെ ഏത് വേഷവിധാനം സ്വീകരിച്ചുമാകാം. പര്‍ദ്ദ തന്നെ ആയിക്കൊള്ളണം എന്ന് ഒരു നിര്‍ബന്ധവുമില്ല. മദര്‍ തരേസയുടെ വസ്ത്രമാണ് മുസ്ലിം സ്ത്രീകള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ അവര്‍ക്ക് ഏറ്റവും യോജ്യമായ വേഷമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം മുഖവും മുന്‍കയ്യുമൊഴിച്ച് ബാക്കി ശരീരഭാഗങ്ങളെല്ലാം അതിലൂടെ മറയും. മുഖംമൂടി അഥവാ നിഖാബ് ധരിച്ച് കോളേജുകളില്‍ വരുന്നതിനോട് ശക്തമായി വിയോജിക്കുന്ന വ്യക്തിയാണ് ഞാന്‍. എം.ഇ.എസ് (മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റി) അവരുടെ കോളേജുകളില്‍ ‘നിഖാബ്’ (മുഖംമൂടി) ധരിച്ച് വരുന്നത് വിലക്കിയപ്പോള്‍ ഒരദ്ധ്യാപകന് എന്ന നിലയില്‍ ഞാനതിനെ ശക്തമായി പിന്തുണക്കുകയാണ് ചെയ്തത്. ആള്‍മാറാട്ടം തടയുന്നതിനും പെണ്‍കുട്ടികളുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും അത്തരം തീരുമാനങ്ങള്‍ അനിവാര്യമാണ്.
2) ഒരു കന്യാസ്ത്രി തന്റെ തിരുവസ്ത്രത്തെ എത്ര മഹത്തരമായാണോ കാണുന്നത് സമാനമായാണ് വിശ്വാസിനിയായ ഒരു മുസ്ലിം സ്ത്രീ ‘ഹിജാബ്’ അഥവാ ശിരോവസ്ത്രം ഉള്‍പ്പടെയുള്ള അവരുടെ വസ്ത്രധാരണ രീതിയേയും കാണുന്നത്. അതിനുള്ള അവകാശം ഒരു മുസ്ലിം സ്ത്രീക്ക് മാത്രം നിഷേധിക്കുന്നത് അനീതിയല്ലേ?
3) ‘ഹിജാബ്’ (ശിരോവസ്ത്രം) ബുദ്ധി ഉദിക്കാത്ത പ്രായത്തില്‍ രക്ഷിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് എന്ന സിസ്റ്ററുടെ അഭിപ്രായം ശരിയാണെങ്കില്‍ അതേ കുട്ടികളുടെ മേല്‍ ഒരു സ്കൂള്‍ മാനേജ്മെന്റ്റ് നിശ്ചയിക്കുന്ന യൂണിഫോമും അടിച്ചേല്‍പ്പിക്കലാവില്ലേ? രക്ഷിതാക്കളുടെ അടിച്ചേല്‍പ്പിക്കല്‍ പിന്തിരിപ്പനും സ്കൂള്‍ മാനേജ്മെന്റുകളുടെ അടിച്ചേല്‍പ്പിക്കല്‍ പുരോഗമനപരവുമാകുന്നത് എങ്ങിനെയാണ്?
4) കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാകാതിരിക്കാന്‍ ഏകീകൃത വേഷവിധാനം വേണമെന്നതിനോട് എനിക്കും യോജിപ്പാണ്. അത് പക്ഷെ, വിശ്വാസ സ്വത്വം ബലികഴിച്ചു കൊണ്ട് വേണം എന്ന് ശഠിക്കുന്നതാണ് പ്രശ്നം. എന്നാല്‍ അദ്ധ്യാപകരുടെ വേഷത്തില്‍ മതസ്വത്വം വേണ്ടെന്ന് വെക്കുന്നുമില്ല. ഇതിനെ ഇരട്ടത്താപ്പെന്നല്ലാതെ മറ്റെന്താണ് പറയുക? എന്നും കുട്ടികളുടെ മാതൃക അദ്ധ്യാപകരല്ലേ?
5) കേരളത്തില്‍ “ഹിജാബ്’ അഥവാ ശിരോവസ്ത്ര വിവാദം വിരലിലെണ്ണാവുന്ന കൃസ്ത്യന്‍ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ മാത്രമാണ് ഉയര്‍ന്ന് കേള്‍ക്കാറ്. എന്ത് കൊണ്ടാണ് ഹൈന്ദവ (എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി) മാനേജ്മെന്റുകള്‍ നടത്തുന്ന സ്കൂളുകളില്‍ നിന്നോ കോളേജുകളില്‍ നിന്നോ ഇന്നോളം ‘തട്ടവിവാദം’ കേള്‍ക്കേണ്ടി വരാതിരുന്നത്? ഹൈന്ദവ മാനേജ്മെന്റ് സ്കൂളുകള്‍ മുസ്ലിം പെണ്‍കുട്ടികളോട് കാണിക്കുന്ന സഹിഷ്ണുത സഹോദര സമുദായ മാനേജ്മെന്റുകളും കാണിച്ചിരുന്നെങ്കില്‍ തീരുന്നതല്ലേയുള്ളൂ ഈ അനാവശ്യ വിവാദങ്ങള്‍.
6) ഏതെങ്കിലും ഒരു ക്രൈസ്തവ വിദ്യാര്‍ത്ഥിക്ക് ഒരു മുസ്ലിം മാനേജ്മെന്റ് സ്ഥാപനത്തില്‍ നിന്ന് വേഷത്തിന്റെ പേരില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിപ്പോകേണ്ട ഗതികേട് ഇന്നോളം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഒരു സംഭവം ചൂണ്ടിക്കാണിച്ചാല്‍ നന്നായിരുന്നു.
സഹോദരീ, ഈ വിവാദങ്ങള്‍ സമീപ കാലത്ത് ഉണ്ടായിട്ടുള്ള മുസ്ലിം-ക്രൈസ്തവ അകല്‍ച്ചയില്‍ നിന്ന് ഉല്‍ഭൂതമായതാണ്. അത് നീങ്ങണമെങ്കില്‍ ക്രിയാത്മക ചര്‍ച്ചകള്‍ ഇരവിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ടവരും ഒന്നിച്ചിരുന്ന് നടത്തണം. അല്ലെങ്കില്‍ കുട്ടനും മുട്ടനും ഏറ്റുമുട്ടി വീഴുന്ന ചോര കുടിക്കാന്‍ പതുങ്ങിയിരിക്കുന്ന ഡല്‍ഹി ‘കുറുക്കന്മാര്’ തടിച്ച് കൊഴുക്കും. അതുണ്ടാവാതെ നോക്കണം.
നന്മകള് നേര്‍ന്ന് കൊണ്ട്, സ്നേഹപൂര്‍വ്വം സ്വന്തം സഹോദരന് ഡോ:കെ.ടി.ജലീല്‍
മുന്‍മന്ത്രി ശ്രീ കെ.ടി. ജലീലിന്റെ തുറന്ന കത്തിന് സന്യാസിനിയുടെ തുറന്ന മറുപടി:
പ്രിയ സഹോദരന് കെ.ടി. ജലീലിന്,
ഇന്നലെ താങ്കള്‍ എനിക്ക് എഴുതിയ തുറന്ന കത്ത് ഇന്നലെ തന്നെ ഞാന്‍ കണ്ടെങ്കിലും, ഒഴിച്ചുകൂടാനാവാത്ത ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുക ആയിരുന്നതിനാല്‍ താങ്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് അല്പം വൈകിയതില്‍ ഖേദിക്കുന്നു…
1) ‘ഹിജാബ് അഥവാ ശിരോവസ്ത്രം മുഖംമൂടിയാണെന്നാണ് സഹോദരി തെറ്റിദ്ധരിച്ചിരിക്കുന്നത്’ എന്ന ആരോപണത്തിന്: ഇല്ല സഹോദരാ, എനിക്ക് തെറ്റിദ്ധാരണ ഒന്നും സംഭവിച്ചിട്ടില്ല. ഹിജാബ് – തലയും കഴുത്തും മൂടിയുള്ള ശിരോവസ്ത്രം, നിഖാബ് – കണ്ണുകള്‍ മാത്രം പുറത്ത് കാണിച്ച് ശരീരം മുഴവന്‍ മറക്കുന്നത്, ബുര്‍ഖ – മുഖവും ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രം എന്ന് ഒക്കെ നന്നായി തന്നെ മനസിലാക്കിയിട്ട് തന്നെയാണ് ഞാന്‍ എഴുതിത്തുടങ്ങിയത്.
പിന്നെ ‘നിഖാബ് മണല്‍ കാറ്റില്‍ നിന്ന് രക്ഷനേടാന്‍ അറേബ്യന്‍ സ്ത്രീകള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന സമ്പ്രദായമാണ്, അതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല’ എന്നൊക്കെ താങ്കള്‍ പറയുമ്പോള്‍ ഈ അറേബ്യന്‍നാട്ടിലെ കാറ്റിന് സ്ത്രീകളോട് എന്തേ ഇത്രയും ശത്രുത എന്നാണ് എന്റെ മനസ്സു ചോദിക്കുന്നത്. പുരുഷന്റെ സാന്നിധ്യം ഇല്ലാതെ സ്ത്രീക്ക് പുറത്ത് ഇറങ്ങാന്‍ അനുവാദം ഇല്ലാത്ത ആ നാട്ടില്‍ പുരുഷനോടൊപ്പം പോകുന്ന പാവം സ്ത്രീകളുടെ മുഖത്തേക്കു മാത്രം ആഞ്ഞടിക്കുന്ന ആ കാറ്റിനെ എത്രയായാലും എനിക്കങ്ങ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല! അതുകൊണ്ട് താങ്കളുടെ ന്യായം സത്യമാണോ എന്നറിയാന്‍ ഞാന്‍ ഒന്ന് കാര്യമായി ഈ വിഷയം പഠിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് എനിക്ക് മനസ്സിലായി …????
മുസ്ലിം മതവിഭാഗമായ സുന്നികളുടെ വീക്ഷണം പ്രധാനമായും നാല് മദ്ഹബുകളിലൂടെയാണ് വ്യക്തമാക്കുക. മാലികി, ഹനഫി, ശാഫിഇ്, ഹംബലി എന്നിവായാണവ. ഇതില്‍ മൂന്നാമത്തെ മദ്ഹബില്‍ എഴുതിയിരിക്കുന്നത് താഴെ ചേര്‍ക്കുന്നു…????
‘പുരുഷډാരുടെ നോട്ടത്തിനുള്ള സാധ്യത ഉണ്ടെങ്കില്‍ വളരെ ആകര്‍ഷകമായി തോന്നാന്‍ സാധ്യതയുണ്ടെങ്കില്‍ മുഖാവരണം ധരിക്കണമെന്നാണ്’.
പിന്നെ നാലാമത്തെ മദ്ഹബില്‍ രണ്ടാം ഭാഗം എഴുതിയിരിക്കുന്നത്…????
‘സ്ത്രീയുടെ ശരീരം മുഴുവന്‍ മുഖം ഉള്‍പ്പെടെ ഔറത്താണ്. അതായത് മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കേണ്ട ഭാഗമാണ്’.
പിന്നെ ഹിജാബിനെക്കുറിച്ച് എഴുതിയിരിക്കുന്നതു കണ്ടു…????
‘വ്യക്തിയുടെ പവിത്രത കാത്തുസൂക്ഷിക്കലും തുറിച്ചുനോട്ടം ഒഴിവാക്കലും ഹിജാബിന്റെ പ്രധാന ഉദ്ദേശ്യങ്ങളായി ഉന്നയിക്കപ്പെടുന്നു’.
പിന്നെ ‘മുഖംമൂടി അഥവാ നിഖാബ് ധരിച്ച് കോളേജുകളില്‍ വരുന്നതിനോട് ശക്തമായി വിയോജിക്കുന്ന വ്യക്തിയാണ് ഞാന്‍’ എന്ന് ലോകത്തോട് വിളിച്ചുപറയാന്‍ താങ്കള്‍ കാണിച്ച ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. സഹോദരന് പറഞ്ഞതു പോലെ, ‘ആള്‍മാറാട്ടം തടയുന്നതിനും പെണ്‍കുട്ടികളുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും നിഖാബ്, ബുര്‍ഖ നിരോധിക്കണം’ എന്ന ഇസ്ലാം മതവിശ്വാസിയായ താങ്കളുടെ അഭിപ്രായം തന്നെയാണ് സംസ്കാരമുള്ള മനുഷ്യര്‍ക്കെല്ലാം ഉള്ളത്. ഇറാനില്‍ ഇപ്പോള്‍ നടക്കുന്ന കലാപവും, നിരവധി രാജ്യങ്ങള്‍ നിഖാബും ബുര്‍ഖയും നിരോധിച്ചുകൊണ്ട് ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട് എന്ന വസ്തുതയും ഓര്‍മ്മയിലുണ്ടല്ലോ…
എന്റെ ബാല്യകാലത്ത് കേട്ടുകേള്‍വി പോലും ഇല്ലാത്ത ബുര്‍ഖയും നിഖാബും ഒക്കെ എന്തേ ഈ ആധുനിക ലോകത്ത് ഇത്രമാത്രം ശക്തിപ്രാപിച്ചത് എന്നു ചിന്തിച്ച് ഒരു സത്യാന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയ മറുപടി താഴെ കുറിക്കുന്നു…????
‘1990-കള്‍ക്ക് ശേഷം മുസ്ലിം രാഷ്ട്രങ്ങളില്‍ പാശ്ചാത്യ വേഷവിധാനങ്ങള്‍ക്ക് പ്രചാരം കൂടിവന്നതോടെയാണ് ഹിജാബ് വീണ്ടും ചര്‍ച്ചാവിഷയമായി മാറിയത്. പാശ്ചാത്യസ്വാധീനത്തില്‍ നിന്ന് മുസ്ലീങ്ങളെ മോചിപ്പിക്കാന്‍ മതപണ്ഡിതര്‍ ഹിജാബിനെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുകയായിരുന്നു’.
മുകളില്‍ പറഞ്ഞിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇനി ഒരിക്കലും ‘നിഖാബിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല’ എന്നു പറഞ്ഞ് പുലിവാല് പിടിക്കരുത് കേട്ടോ… അബദ്ധത്തില്‍ ഇനിയും അങ്ങനെയെങ്ങാനും പറഞ്ഞുപോയാല്‍ ഉണ്ടാകുന്ന പൊല്ലാപ്പുകള്‍ ഇതിനകംതന്നെ താങ്കള്‍ക്കു ബോധ്യപ്പെട്ടു കാണുമല്ലോ…
2) ‘ഒരു കന്യാസ്ത്രീ തന്റെ തിരുവസ്ത്രത്തെ എത്ര മഹത്തരമായാണോ കാണുന്നത് അതിന് സമാനമായാണ് വിശ്വാസിനിയായ ഒരു മുസ്ലീംസ്ത്രീ ‘ഹിജാബ്’ അഥവാ ശിരോവസ്ത്രം ഉള്‍പ്പടെയുള്ള അവരുടെ വസ്ത്രധാരണ രീതിയെയും കാണുന്നത്. അതിനുള്ള അവകാശം ഒരു മുസ്ലീംസ്ത്രീക്ക് മാത്രം നിഷേധിക്കുന്നത് അനീതിയല്ലേ..?’ എന്ന താങ്കളുടെ പരിഭവത്തിന് ഉള്ള മറുപടി:????
പ്രായപൂര്‍ത്തിയായ മുസ്ലീം ‘സ്ത്രീകള്‍ക്ക്’ ഹിജാബ് (ശിരോവസ്ത്രം) നിരോധിക്കണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടതായി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല… പൊതുധാരണ അനുസരിച്ച് 18 വയസ് പൂര്‍ത്തിയായവരെ ആണ് സ്ത്രീകള്‍ എന്ന് വിളിക്കുന്നത്. ചില ക്രിസ്ത്യന്‍ സ്കൂളുകളില്‍ ഹിജാബ് നിരോധിച്ചു എന്ന വാര്‍ത്ത ആഘോഷം ആക്കുമ്പോള്‍ ഓര്‍മ്മിക്കണം: സ്കൂളില്‍ പഠിക്കുന്നത് 6 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളാണ്. ഈ ചെറുപ്രായത്തില്‍ അവര്‍ വിദ്യാര്‍ത്ഥിനികള്‍ അല്ലേ..? കേരളത്തിലെ 99% ക്രൈസ്തവ മാനേജ്മെന്റ് സ്കൂളുകളിലും 12 വയസ് കഴിഞ്ഞ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്ക് തട്ടം ധരിച്ചുവരാന്‍ യാതൊരു തടസ്സവുമില്ല. പക്ഷെ ഹിജാബ് – തട്ടം മാത്രം ആണെന്ന് താങ്കള്‍ പറഞ്ഞാലും ചില തീവ്രചിന്താഗതിക്കാര്‍ പതിയെ ആ തട്ടത്തോടെപ്പം യൂണിഫോമില്‍ കൂടുതല്‍ വ്യതിയാനങ്ങള്‍ വരുത്തി ശരീരം മുഴുവന്‍ മൂടാന്‍ തുടങ്ങിയപ്പോള്‍ ആണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
പിന്നെ ഒരു സ്കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ ചെല്ലുമ്പോള്‍തന്നെ ആ സ്കൂളിലെ നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ ഒരു പേപ്പര്‍ വായിച്ച് അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം അനുസരിച്ചുകൊള്ളാം എന്ന് ഓരോ രക്ഷിതാവും ഒപ്പിട്ട് നല്‍കാറുണ്ട് എന്നത് മറക്കരുത്. സ്കൂള്‍ മാനേജ്മെന്റ് നിശ്ചയിച്ചിട്ടുള്ള യൂണിഫോം അംഗീകരിച്ചുകൊണ്ട് സ്കൂളിലേക്കു തങ്ങളുടെ കുട്ടികളെ പറഞ്ഞുവിടുന്ന മാതാപിതാക്കള്‍ക്ക് പിന്നീട് പിന്തിരിപ്പന് ബുദ്ധി തോന്നുന്നത് (അത്തരത്തില്‍ ഉപദേശിക്കപ്പെടുന്നത്) എന്തുകൊണ്ടാണ്..? പിന്തിരിപ്പന് ബുദ്ധിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഏത് ശക്തിയാണ്…?
തങ്ങളുടെ സ്കൂളില്‍ യൂണിഫോം ഇതായിരിക്കും എന്നല്ലേ സ്ഥാപന മാനേജ്മെന്റ് പറയുന്നത്; അല്ലാതെ, ലോകത്തുള്ള എല്ലാ കുട്ടികളും ഇത് ധരിക്കണം എന്നല്ലല്ലോ? അതു താല്പര്യമില്ലെങ്കില് കുഞ്ഞുങ്ങള്‍ക്ക് സ്വന്തം ഇഷ്ടമനുസരിച്ചുള്ള വസ്ത്രം ധരിക്കാവുന്ന സ്കൂളില്‍ അവരെ മാതാപിതാക്കള്‍ക്കു വിടാമല്ലോ..? ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ നടത്തുന്ന സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുകയും വേണം, അവിടത്തെ നിയമങ്ങള്‍ പാലിക്കാന്‍ മനസ്സുമില്ല എന്നു ധ്വനിപ്പിക്കുന്ന വാദം ഒരു മുന്‍ ഉന്നത വിദ്യാഭ്യാസമന്ത്രിക്കു ചേര്‍ന്നതാണോ..?
3) ‘ഹിജാബ് (ശിരോവസ്ത്രം) ബുദ്ധി ഉദിക്കാത്ത പ്രായത്തില്‍ രക്ഷിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് എന്ന സിസ്റ്ററുടെ അഭിപ്രായം ശരിയാണെങ്കില്‍ അതേ കുട്ടികളുടെമേല്‍ ഒരു സ്കൂള്‍ മാനേജ്മെന്റ് നിശ്ചയിക്കുന്ന യൂണിഫോമും അടിച്ചേല്‍പ്പിക്കലാവില്ലേ? രക്ഷിതാക്കളുടെ അടിച്ചേല്‍പ്പിക്കല്‍ പിന്തിരിപ്പനും സ്കൂള്‍ മാനേജ്മെന്റുകളുടെ അടിച്ചേല്‍പ്പിക്കല്‍ പുരോഗമനപരവുമാകുന്നത് എങ്ങിനെയാണ്..?’ എന്ന താങ്കളുടെ ചോദ്യത്തിന്…????
സ്കൂളുകളില്‍ യൂണിഫോം എന്തിനാണെന്നു പോലും മനസിലാക്കാത്ത ഒരു മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണോ താങ്കള്‍.. ഉച്ചനീചത്വങ്ങളും ജാതിവേര്‍തിരിവുകളും സാമ്പത്തികാവസ്ഥകളും കുട്ടികള്‍ക്കിടയില്‍ വിഭാഗീയതകള്‍ സൃഷ്ടിക്കാതിരിക്കാനാണ് സ്കൂളുകളില്‍ യൂണിഫോം നടപ്പാക്കി തുടങ്ങിയത്. എല്ലാ സമൂഹങ്ങളും ഒരുപോലെ വളരുകയും സഹവര്‍ത്തിത്വവും സമത്വവും പുലരുകയും വേണം എന്ന് ഉറച്ചുവിശ്വസിച്ച ക്രൈസ്തവ സമൂഹമാണ് യൂണിഫോം സമ്പ്രദായത്തിന്റെ ആരംഭകര്‍. ഇക്കാലത്തും യൂണിഫോമിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് അതുതന്നെയാണ്. കുട്ടികളുടെ നډ ലക്ഷ്യംവച്ചുള്ള സ്കൂള്‍ മാനേജ്മെന്റുകളുടെ നിര്‍ദ്ദേശങ്ങളും, സമൂഹത്തില്‍ വിഭാഗീയതയും വിദ്വേഷവും വിതയ്ക്കാന്‍ ഉറച്ചുകൊണ്ടുള്ള മതവസ്ത്രവാദങ്ങളും താരതമ്യം ചെയ്യാനുള്ള സഹോദരന്റെ മനഃസ്ഥിതി ദയനീയം എന്നേ പറയാനുള്ളൂ…
4) ‘കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാകാതിരിക്കാന്‍ ഏകീകൃത വേഷവിധാനം വേണമെന്നതിനോട് എനിക്കും യോജിപ്പാണ്. അത് പക്ഷെ, വിശ്വാസ സ്വത്വം ബലികഴിച്ചുകൊണ്ട് വേണം എന്ന് ശഠിക്കുന്നതാണ് പ്രശ്നം’ എന്ന താങ്കളുടെ ആകുലതയ്ക്ക് മറുപടി: ???? ഒരു കാലത്ത് മുകളില്‍ പറഞ്ഞതുപോലെ തൊടീലും തീണ്ടലും ഒക്കെ പറഞ്ഞ് നമ്മുടെ കാര്ന്നോډാര്‍ക്ക് സ്കൂളില്‍ പോയി പഠിക്കാന്‍ പറ്റില്ലായിരുന്നു പോലും. നീ ആ ജാതിയാണ്, നീ ആ മതമാണ് നീ പാവപ്പെട്ടവന്, ഞാന്‍ പണക്കാരന് എന്ന് ഒക്കെ പറഞ്ഞ് പരസ്പരം എപ്പോഴും കലഹിച്ചിരുന്ന ഒരു സമൂഹത്തെ അടക്കി ഒതുക്കി ഒരു ബഞ്ചില്‍ ഇരുത്തി അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിപ്പിച്ചതില്‍ കൈസ്തവ സന്യസ്തരും ക്രൈസ്തവ സഭയും വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഞങ്ങളുടെ പൂര്‍വികര്‍ രാപകലില്ലാതെ കഷ്ടപ്പെട്ട് ജാതി-മത-സാമ്പത്തിക വ്യത്യാസങ്ങള്‍ ഇല്ലാതെ ഒരുമയോടെ പടുത്തുയര്‍ത്തിയ ദൈവത്തിന്റെ സ്വന്തം നാടിനെ വീണ്ടും ജാതി-മത-സാമ്പത്തിക വേര്‍തിരിവില്‍ എത്തിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളോട് യോജിപ്പില്ല. ക്രൈസ്തവര്‍ നടത്തിയ ചരിത്രപരമായ പഴയ പല ഇടപെടലുകളും താങ്കള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ നവീകരണങ്ങള്‍ വഴിയായി പാഠപുസ്തകങ്ങളില്‍ നിന്ന് തേഞ്ഞുമാഞ്ഞുപോയി. എങ്കിലും ഇന്നും ജീവിക്കുന്നവരുടെ ഹൃദയങ്ങളില്‍നിന്ന് ഉരച്ച് മാറ്റിക്കളയാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല… കൃതജ്ഞതയുടെ മൂടുപടം ചൂടിക്കിടക്കുന്ന ആ സത്യങ്ങള്‍ ഇന്നും അനേകായിരങ്ങളിലൂടെ വാമൊഴികളായി പുതുതലമുറയ്ക്ക് ലഭിക്കുന്നുണ്ട്..
5) ‘താങ്കളുടെ തുറന്ന കത്തിലെ അദ്ധ്യാപകരുടെ വേഷത്തില്‍ മതസ്വത്വം വേണ്ടെന്ന് വയ്ക്കുന്നുമില്ല. ഇതിനെ ഇരട്ടത്താപ്പെന്നല്ലാതെ മറ്റെന്താണ് പറയുക?’ എന്നും ‘കുട്ടികളുടെ മാതൃക അദ്ധ്യാപകരല്ലേ..?’ എന്നുമുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി: ????
അധ്യാപകരെസംബന്ധിച്ച് മാന്യമായ വസ്ത്രധാരണം മാതൃകയുടെ വിഷയമല്ല, ജീവിതമാണ് മാതൃക. എന്നാല്‍ കുട്ടികള്‍ക്കിടയില്‍ സമത്വബോധം സുപ്രധാനമാണ്. അതിന് കുട്ടികളുടെ യൂണിഫോമാണ് പ്രധാനം… പിന്നെ കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂള്‍ നടത്തുന്ന കന്യാസ്ത്രീകള്‍ കുട്ടികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നില്ല എന്ന് പരിതപിക്കുമ്പോള്‍, 3000 കുട്ടികള്‍ ഉള്ള ആ വിദ്യാലയത്തില്‍ നൂറുകണക്കിന് മുസ്ലീംകുട്ടികള്‍ യാതൊരു പ്രശ്നവും ഇല്ലാതെ പഠിച്ച് മിടുക്കരായി നല്ല നിലയില്‍ എത്തിയിട്ടുണ്ട് എന്നതും ഓര്‍ക്കണം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്രൈസ്തവ സ്കൂള്‍ കാണുമ്പോള്‍, ചില തീവ്രചിന്താഗതിക്കാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി വാര്‍ത്തയാക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡ്രസ്സ് കോഡ് എന്താണെന്ന് തീരുമാനിക്കുന്നത് അതതു സ്കൂള്‍ മാനേജ്മെന്റും പിടിഎയുമാണ്. ആ തീരുമാനത്തില്‍ കൈകടത്താന്‍ ഗവണ്മെന്റിന് പോലും അവകാശം ഇല്ല എന്ന് ഹൈക്കോടതി വിധിയുള്ളതാണ്.
പിന്നെ കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ കാസര്‍ഗോഡ്, വയനാട്, തിരുവനന്തപുരം, കോഴിക്കോട് എന്നീ 4 ജില്ലകളിലെ പ്രശസ്തമായ കത്തോലിക്കാ സ്കൂളുകളെ ലക്ഷ്യമാക്കി ഹിജാബ് പ്രശ്നം ഉയര്‍ത്തി ഒട്ടേറെ കോലഹലങ്ങള്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയിരുന്നു. അവരില്‍ ചിലര്‍ പോക്കറ്റില്‍ രഹസ്യ ക്യാമറ ഫിറ്റ് ചെയ്ത് ഒരു പ്രിന്‍സിപ്പാള്‍ സിസ്റ്ററിനെ പ്രകോപിപ്പിച്ച് വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് വലിയ വാര്‍ത്തയാക്കിയത് മറന്നിട്ടില്ല. സത്യത്തില്‍ വ്യക്തമായ അജണ്ടകളോടെ ആണ് ഇത്തരം നാടകങ്ങള്‍ അരങ്ങേറുന്നത് എന്നത് ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ആള്‍ക്കാരും മനസ്സിലാക്കിത്തുടങ്ങി.
6) ‘ഏതെങ്കിലും ഒരു ക്രൈസ്തവ വിദ്യാര്‍ത്ഥിനിക്ക് ഒരു മുസ്ലീം മാനേജ്മെന്റ് സ്ഥാപനത്തില്‍ നിന്ന് വേഷത്തിന്റെ പേരില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിപ്പോകേണ്ട ഗതികേട് ഇന്നോളം ഉണ്ടായിട്ടുണ്ടോ..?’???? ഈ വാദം സെല്‍ഫ് ട്രോളായിപ്പോയല്ലോ, സഹോദരാ. സമത്വത്തിന് അനുകൂലവും മുസ്ലീം മാനേജുമെന്റിന്റെ നിയമങ്ങള്‍ക്ക് നിരക്കുന്നതുമായ വേഷവിധാനം മറ്റുള്ള കുട്ടികള്‍ ധരിക്കുന്നതു കൊണ്ടല്ലേ താങ്കള്‍ സൂചിപ്പിച്ച അത്തരം സാഹചര്യം ഉണ്ടാകാത്തത്? ക്രൈസ്തവ സമൂഹത്തിലെ മാതാപിതാക്കള്‍ക്കുള്ള ആ വിവേകവും സډനസ്സും മുസ്ലീം മാതാപിതാക്കള്‍ക്കും ഉണ്ടാവുക എന്നതല്ലേ കരണീയം? ക്രൈസ്തവരായ വിദ്യാര്‍ത്ഥികള്‍ മതപരമായ വസ്ത്രധാരണം നടത്തി ഒരു സ്കൂളുകളിലും പോകാറില്ല. പ്രായപൂര്‍ത്തിയായി ജീവിതാന്തസ് നയിക്കുന്നവരെ ദയവുചെയ്ത് സ്കൂള്‍കുട്ടികളായി അവതരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു…
7) ‘കേരളത്തില്‍ “ഹിജാബ്’ അഥവാ ശിരോവസ്ത്ര വിവാദം വിരലിലെണ്ണാവുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ മാത്രമാണ് ഉയര്‍ന്നുകേട്ടിട്ടുള്ളത്. എന്ത് കൊണ്ടാണ് ഹൈന്ദവ (എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി) മാനേജ്മെന്റുകള്‍ നടത്തുന്ന സ്കൂളുകളില്‍നിന്നോ കോളേജുകളില്‍ നിന്നോ ഇന്നോളം ‘തട്ടവിവാദം’ കേള്‍ക്കേണ്ടി വരാതിരുന്നത്? ഹൈന്ദവ മാനേജ്മെന്റ് സ്കൂളുകള്‍ മുസ്ലിം പെണ്‍കുട്ടികളോട് കാണിക്കുന്ന സഹിഷ്ണുത സഹോദര സമുദായ മാനേജ്മെന്റുകളും കാണിച്ചിരുന്നെങ്കില്‍ തീരുന്നതല്ലേയുള്ളൂ ഈ അനാവശ്യ വിവാദങ്ങള്‍?’ എന്ന താങ്കളുടെ പരിഭവത്തിനുള്ള മറുപടി… ????
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ കേരളത്തില്‍ നാലിടങ്ങളിലായി സൃഷ്ടിക്കപ്പെട്ട ഹിജാബ് വിവാദങ്ങള്‍ ആസൂത്രിതമായിരുന്നു എന്ന് ആ സംഭവങ്ങള്‍ അടുത്തറിഞ്ഞിട്ടുള്ള എല്ലാവരും മനസ്സിലാക്കിയതാണ്. മുസ്ളീം ഭൂരിപക്ഷ പ്രദേശമായ കാസര്‍ഗോഡ് പള്ളിക്കരയിലെ സ്കൂളില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഉദാഹരണമാണ്. നാലാം ക്ളാസില്‍ താഴെയുള്ള കുട്ടികള്‍ തട്ടം ധരിക്കേണ്ടതില്ല എന്നും, ധരിക്കുന്നെങ്കില്‍ യൂണിഫോമിന്റെ ഭാഗമായി നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള കളറിലുള്ളത് ധരിക്കണമെന്നും പിടിഎ തീരുമാനമുള്ള സ്കൂളില്‍ അതില്‍നിന്ന് വ്യത്യസ്തമായി ഒരു കുട്ടി അത് ധരിച്ചതായി കണ്ട പ്രിന്‍സിപ്പാള്‍ കുട്ടിയെ തിരുത്താന്‍ ശ്രമിച്ചതു മാത്രമാണ് വിഷയം. മുഴുവന്‍ അംഗങ്ങളും മുസ്ളീങ്ങളായ പിടിഎ ഒറ്റക്കെട്ടായി സ്കൂള്‍ മാനേജ്മെന്റിനൊപ്പം നിന്നിട്ടും ആ വിഷയത്തെ വലിയ വിവാദമാക്കി മാറ്റാന്‍ ചിലര്‍ കിണഞ്ഞ് പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഒടുവില്‍ കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ സംഭവിച്ചതും വിവാദം സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണ്. കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് വിവാദങ്ങള്‍ക്കും കേസുകള്‍ക്കും അനുബന്ധമായി കേരളത്തില്‍ സമാനമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് സമാനമായ ആള്‍ക്കൂട്ട ബഹളം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് വ്യക്തം. ഇത്തരത്തില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങള്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ് സന്യാസിനിമാര്‍ നടത്തുന്ന സ്കൂളുകളാണെന്ന് കണക്കുകൂട്ടിയതിനാല്‍ മാത്രമാണ് മറ്റിടങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടാതെ പോയത് എന്ന് വ്യക്തം. അങ്ങനെയിരിക്കെ, താങ്കളുടെ ഈ വാദം തികഞ്ഞ അസംബന്ധമാണ്.
8) ‘ഈ വിവാദങ്ങള്‍ സമീപ കാലത്ത് ഉണ്ടായിട്ടുള്ള മുസ്ലീം-ക്രൈസ്തവ അകല്‍ച്ചയില്‍ നിന്ന് ഉത്ഭൂതമായതാണ്. അത് നീങ്ങണമെങ്കില്‍ ക്രിയാത്മക ചര്‍ച്ചകള്‍ ഇരുവിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ടവര്‍ ഒന്നിച്ചിരുന്ന് നടത്തണം’ എന്ന താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. മുസ്ലീം – ക്രൈസ്തവര്‍ മാത്രമല്ല ഹൈന്ദവ സമുദായങ്ങള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്യ്ത് നമ്മുടെ കൊച്ച് കേരളത്തില്‍ സമാധാനം ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ അകല്‍ച്ചകള്‍ക്ക് പിന്നില്‍ തീവ്ര ചിന്താഗതികള്‍ ഉള്ളവര്‍ സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങള്‍ ആണെന്നത് നമ്മള് വിസ്മരിക്കരുത്. സ്വന്തം സഹോദരങ്ങള്‍ ആയി കണ്ട് തോളത്ത് കൈകള്‍ ഇട്ട് മതസൗഹാര്‍ദ്ദത്തെ വാനോളം പുകഴ്ത്തി മുന്നോട്ടുപോയിരുന്ന ക്രൈസ്തവ സമൂഹത്തെപ്പോലും ഇത്രയും അകല്‍ച്ചയില്‍ കൊണ്ട് എത്തിച്ചതിന് ചില സമുദായങ്ങളിലെ തീവ്ര വിഭാഗക്കാരുടെ സംഭാവനകള്‍ ഉണ്ടായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യാ… ഈ അകല്‍ച്ചകള്‍ക്ക് കാരണക്കാര്‍ ആരെന്ന് ഒന്ന് ആത്മ പരിശോധന നടത്തി വീഴ്ചകളെ തിരിച്ചറിഞ്ഞ് അത് തിരുത്തുവാന്‍ മനസ്സ് ഉണ്ടെങ്കില്‍ മാത്രമല്ലേ ചര്‍ച്ചകള്‍ കൊണ്ട് പ്രയോജനം ഉള്ളൂ… ഈ കാലഘട്ടത്തില്‍ കേരളത്തിലെ ക്രൈസ്തവ-ഹൈന്ദവ സമൂഹങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമുദായിക പ്രതിസന്ധികള്‍ കെട്ടുകഥകളാണെന്ന് കരുതാന്‍ ചിന്താശേഷിയുള്ള ഒരാള്‍ക്കും സാധ്യമല്ല.
ഡല്‍ഹിയെ ചൂണ്ടിക്കാണിച്ചാല്‍ കേരളത്തിലെ നേര്‍ക്കാഴ്ചകള്‍ ആരും കാണില്ല എന്നു കരുതുന്നതു വിഢ്ഢിത്തമല്ലേ സഹോദരാ…? ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരു പോലെ എതിര്‍ക്കപ്പെടേണ്ടതു തന്നെ. എന്നാല്‍ കേരളത്തില്‍ ഇന്ന് പ്രബലപ്പെട്ടിരിക്കുന്നതും ആഴത്തില്‍ വേരോടിയിരിക്കുന്നതും ഇസ്ലാമിക തീവ്രവാദമാണെന്നത് താങ്കള്‍ സൗകര്യപൂര്‍വം തമസ്കരിക്കുന്നത് എന്തുകൊണ്ടാണ്? അഞ്ച് വര്‍ഷത്തോളം ന്യൂനപക്ഷ മന്ത്രിയായും ഉന്നത വിദ്യാഭ്യാസ മന്ത്രിയായും സേവനം അനുഷ്ഠിച്ച ശ്രീ ജലീലിന് അറിയാമല്ലോ, ഇവിടെ സംഭവിക്കുന്ന അനീതികള്‍… ന്യൂനപക്ഷത്തിലെതന്നെ ഒരു സമുദായം തങ്ങളുടെ തീവ്രചിന്താഗതികളാല്‍ എങ്ങനെയാണ് മറ്റു ന്യൂനപക്ഷസമുദായങ്ങളെയും ഭൂരിപക്ഷ സമുദായത്തെയും നിരന്തരം അസ്വസ്ഥപ്പെടുത്തുന്നത് എന്നത് കേരളത്തിന് ഒരു പാഠപുസ്തകം ആണ്.
തീവ്രവാദപരമായ ചിന്തകളിലും പ്രവൃത്തികളിലും ഏര്‍പ്പെടുന്നവരെ തള്ളിപ്പറയാനായി കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം മുന്നോട്ട് കടന്നുവരേണ്ടത് അത്യാവശ്യമാണ്. ഈ തീവ്രചിന്താഗതി ഉള്ളവര്‍ സമുദായത്തിലും സമൂഹത്തിലും ഒരുപാട് സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഉദാഹരണമാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ള ഹിജാബ് പോലെയുള്ള വിവാദങ്ങള്‍. പ്രത്യേകിച്ച് കേരളത്തില്‍ അത് വളരെ പ്രകടമാണ്. അത്തരം വിവാദങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചും തീവ്രവാദപരമായ സമീപനങ്ങളെക്കുറിച്ചും ഒക്കെ കേരള കത്തോലിക്കാ സഭയ്ക്ക് നല്ല അവബോധം ഉണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്… അതുകൊണ്ട് തന്നെ യാഥാര്‍ത്ഥ്യബോധത്തോടും ജാഗ്രതയോടുംകൂടെ ഇന്ന് മുന്നോട്ടു പോവുകയാണ് ഓരോ സമുദായത്തിനും കരണീയമായിട്ടുള്ളത്…
??? സ്നേഹപൂര്‍വ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ
ചആ: വ്യക്തമായും മാന്യമായും ഞാന്‍ മറുപടി കുറിച്ചിട്ടുണ്ട്. ഇനിയും പല ചോദ്യങ്ങള്‍ ഉന്നയിച്ച് മറുപടി ചോദിച്ച് വന്നാല്‍ എനിക്ക് അതിനുള്ള സമയം ഇല്ല എന്ന് മുന്‍കൂട്ടി അറിയിക്കുന്നു… തല്ക്കാലം ഇവിടെ വച്ച് ഈ സംവാദം അവസാനിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു