Menu Close
മെയ്‌ 8 ന് ആത്മീയ കൂട്ടായ്മയിൽ പങ്കു ചേർന്ന് പ്രാർത്ഥിക്കുക: ഫ്രാൻസിസ് മാർപാപ്പ
May 3, 2021

Janaprakasam

മെയ് മാസത്തിൽ ലോകമെമ്പാടും നടക്കുന്ന കൊന്തനമസ്ക്കാരത്തിൽ പങ്കുചേരാൻ മാർപ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.

ബുധനാഴ്‌ച (05/05/21) വത്തിക്കാനിൽ പേപ്പൽ അരമനയിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ അനുവദിച്ച പൊതുദർശന പരിപാടിയുടെ അവസരത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ക്ഷണം നല്കിയത്.

കോവിദ് 19 മഹാമാരിക്ക് അറുതിയുണ്ടാകുന്നതിനും സാമൂഹ്യ-തൊഴിൽപരങ്ങളായ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കുന്നതിനും വേണ്ടി ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള മരിയൻ ദേവാലയങ്ങളുടെ നേതൃത്വത്തിൽ ഈ മാസത്തിൽ എല്ലാ ദിവസവും ജപമാല പ്രാർത്ഥന ചൊല്ലുന്നത് പാപ്പാ അനുസ്മരിച്ചു. കുഞ്ഞുങ്ങൾക്കും കൗമാരക്കാർക്കും വേണ്ടി പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. 

മെയ് ഒന്നിന് വൈകുന്നേരം ഫ്രാൻസീസ് പാപ്പായാണ് ഈ ജപമാല പ്രാർത്ഥനാമാരത്തോൺ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കൊന്തനമ്സ്ക്കാരം നയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തത്.

മെയ്മാസം പരിശുദ്ധ കന്യകാമറിയത്തിന് പാരമ്പര്യമായി പ്രതിഷ്ഠിതമാണെന്നത്  അനുസ്മരിച്ച പാപ്പാ ഈ മാസം 8-ɔ൦ തീയതി ശനിയാഴ്‌ച ഉച്ചയ്ക്ക് ഇറ്റലിയിലെ പൊമ്പെയിലെ മാതാവിൻറെ സന്നിധിയിൽ നടക്കുന്ന കൊന്തനമസ്ക്കാരത്തിൽ ആദ്ധ്യാത്മികമായി പങ്കുചേരാൻ എല്ലാവരോടും അഭ്യർത്ഥിച്ചു. 

പൊതുദർശന പ്രഭാഷണത്തിൻറെ അവസാനം പതിവുപോലെ, വൃദ്ധജനത്തെയും, യുവജനത്തെയും, രോഗികൾ, നവദമ്പതികൾ എന്നിവരെയും സംബോധന ചെയ്ത പാപ്പാ, ജീവിത തിരഞ്ഞെടുപ്പുകളിലും ബുദ്ധിമുട്ടുകളിലും ക്രിസ്തീയവീര്യം ആർജ്ജിക്കുന്നതിന് വിശ്വാസത്തിൻറെ മാതൃകയും ക്രിസ്തുവചനത്തോടുള്ള സകർമ്മസാക്ഷിയുമായ പരിശുദ്ധ മറിയത്തോടു പ്രാർത്ഥിക്കാൻ  അവർക്ക് പ്രചോദനം പകർന്നു.