Janaprakasam
പാലക്കാട്; സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്കിന് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറും മുഖ്യമന്ത്രി പിണറായി വിജയനും സംയിക്തമായി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക, വ്യവസായിക മേഖലകളെ ശക്തിപ്പെടുത്തുന്ന മെഗാ ഫുഡ് പാര്‍ക്ക് പദ്ധതിയിലൂടെ ഏകദേശം രണ്ടര ലക്ഷം കര്‍ഷകര്‍ക്കാണ് പ്രയോജനകരമാകുക. 102.13 കോടി ചെലവില്‍ നിര്‍മിച്ച ഫുഡ്പാര്‍ക്ക് 79.42 ഏക്കറിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഏകദേശം 4,500 പേര്‍ക്ക് നേരിട്ടും 10,000 ത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുന്ന ബൃഹദ് പദ്ധതി കൂടിയാണിത്. പാര്‍ക്കിന്റെ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ 50 കോടിയാണ് ഗ്രാന്റായി നല്‍കുന്നത്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നബാര്‍ഡില്‍ നിന്നുള്ള വായ്പയുമാണ്. ഇതുവരെ 40 കോടി കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളായ ജലം, വൈദ്യുതി എന്നിവയടക്കം ഭക്ഷ്യസംസ്‌കരണ വ്യവസായ സംരംഭകര്‍ക്ക് പാട്ടവ്യവസ്ഥയില്‍ ഭൂമി കൈമാറാന്‍ പര്യാപ്തമായ രീതിയിലാണ് കിന്‍ഫ്ര ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. സംരംഭകര്‍ക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിനാണ് ഭൂമി നല്‍കുക. 90 വര്‍ഷം വരെ പുതുക്കാനും കഴിയും.
25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൂന്ന് സംഭരണപ്പുരകള്‍, 5,000 മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ശീതീകരിക്കാനുള്ള സൗകര്യം, മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ശീതീകരണ സംവിധാനം, പഴങ്ങള്‍, പച്ചക്കറി എന്നിവ വൃത്തിയാക്കി തരം തിരിച്ചു പായ്ക്ക് ചെയ്യാനുള്ള സംവിധാനം, പഴങ്ങള്‍ ശാസ്ത്രീയമായി പഴുപ്പിക്കാനുള്ള സൗകര്യം, സുഗന്ധവ്യഞ്ജനങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യം തുടങ്ങി ഭക്ഷ്യസംസ്‌കരണ മേഖലയ്ക്ക് സഹായകമാകുന്ന എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. മെഗാ ഫുഡ്പാര്‍ക്കിന്റെ അനുബന്ധഘടകമെന്ന നിലയില്‍ നാല് പ്രാഥമിക ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.