Janaprakasam
കോഴിക്കോട്∙ ‘ഐക്യം,സ്നേഹം, ത്യാഗം’– 1988ൽ കല്യാൺ രൂപതയുടെ ബിഷപ്പായി ചുമതലയേറ്റപ്പോൾ മാർ പോൾ ചിറ്റിലപ്പിള്ളി തിരഞ്ഞെടുത്ത ആപ്തവാക്യത്തിൽ അദ്ദേഹത്തിന്റെ അഭിഷിക്ത ജീവിതത്തിന്റെ രത്നച്ചുരുക്കമുണ്ട്. ആ സ്നേഹവും ത്യാഗവും അനുഭവിച്ചവരിൽ തൃശൂരിലെയും താമരശ്ശേരിയിലെയും കല്യാണിലെയും വിശ്വാസികൾ മാത്രമല്ല, മുംബൈ ധാരാവിയിലെ ചേരികളിൽ ദുരിതമനുഭവിച്ചവർ വരെയുണ്ട്.
താമരശ്ശേരി രൂപയിലെ ഓരോ കുടുംബ യൂണിറ്റുകളിലും നേരിട്ടെത്തി ആ സ്നേഹം. തൃശൂരിൽ വികാരി ജനറലായി സേവനമനുഷ്ടിച്ച ശേഷം പോൾ ചിറ്റിലപ്പിള്ളിയെ തേടിയെത്തിയ ചുമതല മുംബൈയിലെ സിറോ മലബാർ വിശ്വാസികളുടെ ചാപ്ലൈനായിട്ടായിരുന്നു. ധാരാവിയിലേക്കു പോകാൻ ഒപ്പമുള്ളവർ മടിച്ചപ്പോഴും അദ്ദേഹം പിൻമാറിയില്ല. അവികസിതവും വൃത്തിഹീനവുമായി ധാരാവിയിലെ ചേരികളിൽ ജീവിച്ചിരുന്നവരെ ചിറ്റിലപ്പള്ളി പുതിയ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തി. പിന്നീട് കല്യാൺ രൂപത രൂപീകരിച്ച് ആദ്യ ബിഷപ്പായി നിയമിതനായപ്പോൾ ധാരാവിയെ രൂപതയുടെ മിഷൻ പ്രദേശമായി ഏറ്റെടുത്തു.
നവീകരിച്ചും ശക്തിപ്പെടുത്തിയും
1997 ൽ താമരശ്ശേരി രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി ചുമതലയേൽക്കുമ്പോൾ മാർ പോൾ ചിറ്റിലപ്പിള്ളി സ്വീകരിച്ച ആപ്തവാക്യം ‘നവീകരിക്കുക, ശക്തിപ്പെടുത്തുക എന്നതായിരുന്നു. മാർ മങ്കുഴിക്കരിയും മാർ ജേക്കബ് തൂങ്കൂഴിയും ചേർന്നു വളർത്തിയെടുത്ത രൂപത കൂടുതൽ നവീകരിക്കുകയും ശക്തിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. രൂപതയുടെ ധ്യാനകേന്ദ്രമായിരുന്ന ബഥാനിയ സെന്റർ പുതുക്കിപ്പണിതതും താമരശ്ശേരിയിൽ കേരളീയ വാസ്തുശൈലിയിൽ കത്തീഡ്രൽ നിർമിച്ചതും മാർ ചിറ്റിലപ്പിള്ളിയാണ്. രൂപതയിൽ ഒട്ടേറെ ദേവാലയങ്ങൾ പുതുതായി നിർമിച്ചു. വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരിശീലനം ഉൾപ്പെടെ നൽകുന്ന സ്റ്റാർട്ട് (സെന്റ് തോമസ് അക്കാദമി ഫോർ റിസർച്ച് ആൻഡ് ട്രെയിനിങ്) രൂപതയിലെ എല്ലാ ഇടവകകളിലെയും ഓരോ കുടുംബയൂണിറ്റിലും അദ്ദേഹം സന്ദർശനം നടത്തി.
മുറിവേൽപ്പിച്ചില്ല ആ വിവാദം
തിരുവമ്പാടി എംഎൽഎയായിരുന്ന മത്തായി ചാക്കോയുടെ മൃതസംസ്കാരവുമായി ബന്ധപ്പെട്ടു മാർ ചിറ്റിലപ്പിള്ളി നടത്തിയ പരാമർശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നടത്തിയ വിമർശനവും പദപ്രയോഗവും വിവാദമായിരുന്നു. ഇതേക്കുറിച്ച് ആത്മകഥയിൽ ചിറ്റിലപ്പിള്ളി ഇങ്ങനെ കുറിച്ചു… ‘ എന്റെ മനസ്സിനെ ഒരു തരത്തിലും അതു മുറിവേൽപ്പിച്ചില്ല. ഒരു ക്രിസ്തുശിഷ്യൻ എന്ന നിലയിൽ ഇത്തരത്തിലുള്ള അവസരങ്ങൾ ഉണ്ടാകുമെന്നു ഈശോനാഥൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത് ഞാൻ പൂർണമായും സ്വീകരിക്കുന്നു. പിണറായി വിജയൻ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിനു ഞാൻ അദ്ദേഹത്തോടു പൂർണമായും ക്ഷമിക്കുകയും അദ്ദേഹത്തിന്റെ നന്മയ്ക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു’’.
കൃപയുടെ വഴിയിൽ
2010ൽ വിരമിച്ച ശേഷം രൂപതാ ആസ്ഥാനത്തെ വിശ്രമജീവിതം അദ്ദേഹം എഴുത്തിനും വായനയ്ക്കുമായി നീക്കിവച്ചു. പതിറ്റാണ്ടുകളുടെ പൗരോഹിത്യ ജീവിതത്തിന്റെ അനുഭവങ്ങൾ ആറു പുസ്തകങ്ങളായി. കുടുംബനവീകരണം, ആരാധന ക്രമം തുടങ്ങിയവയെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങൾ. ആത്മകഥയായ ‘കൃപയുടെ വഴിയിൽ’ 2013ൽ പുറത്തിറങ്ങി.
അനുശോചിച്ചു
മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങളിൽ അടിയുറച്ചു നിന്ന് ഇടയശുശ്രൂഷ നിർവഹിച്ച ശ്രേഷ്ഠനായിരുന്നു ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയെന്നു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.
ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ടി പി രാമകൃഷ്ണൻ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എംപി മാരായരാഹുൽ ഗാന്ധി, എം.കെ.രാഘവൻ, ജോസ്.കെ.മാണി, കെ.മുരളീധരൻ, ബിനോയ് വിശ്വം, കോഴിക്കോട് രൂപതാ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, കെ.സി.റോസക്കുട്ടി, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ പൂതക്കുഴി, മുൻ എംഎൽഎ വി.എം. ഉമ്മർ, കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, ഡിസിസി പ്രസിഡന്റ് യു.രാജീവൻ , കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ എന്നിവർ അനുശോചിച്ചു.
നഷ്ടമായത് അജപാലന രംഗത്ത് വിശ്വാസികളുടെ വഴികാട്ടി
താമരശ്ശേരി∙ മലയോര കുടിയേറ്റ ജനതയ്ക്ക് പുതിയ ദിശാബോധം പകർന്നതോടൊപ്പം താമരശ്ശേരിയുടെ വികസന കാര്യത്തിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ച ആത്മീയ നേതൃത്വത്തെയാണ് ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തിലൂടെ നാടിനു നഷ്ടമായത്. വിശ്വാസ പ്രമാണങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കാതെയാണ് ഈ ഇടയശ്രേഷ്ഠൻ സഭയുടെ കരുത്തും കെട്ടുറപ്പും കാത്തു സൂക്ഷിച്ചത്.
കുടുംബ നവീകരണത്തിലൂടെ ശാക്തീകരണം എന്ന സന്ദേശമാണ് ബിഷപ് എന്നും ഉയർത്തിപ്പിടിച്ചിരുന്നത്. മലയോര കുടിയേറ്റ ജനതയുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്തുന്നതിൽ ബിഷപ് കാണിച്ച താൽപര്യം താമരശ്ശേരിയിലെ ജന പ്രതിനിധികൾക്കും പൊതു പ്രവർത്തകർക്കും ആവേശം പകരുന്നതായിരുന്നു. നീണ്ട 13 വർഷക്കാലം താമരശ്ശേരി രൂപതയെ നയിച്ച അദ്ദേഹം വിശ്രമ ജീവിതത്തിലും സഭാകാര്യങ്ങളിലും നാടിന്റെ പ്രശ്നങ്ങളിലും വ്യാപൃതനായിരുന്നു