Janaprakasam
ഇസ്താംബൂള്‍: വടക്ക് – പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ബുര്‍സാ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ പുരാതന ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയം തുര്‍ക്കി ഭരണകൂടം പൊളിച്ചു കളഞ്ഞു. 1896-ല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ‘ബുര്‍സായിലെ ഹാഗിയ സോഫിയ’ എന്നറിയപ്പെടുന്ന സെന്റ് ജോര്‍ജ്ജിയോസ് ദേവാലയമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച തുര്‍ക്കിയിലെ ഇസ്ലാമിക് ഫൌണ്ടേഷന് പൊളിച്ചു കളഞ്ഞത്. സുരക്ഷാപരമായ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടായിരുന്നു ചരിത്രപ്രസിദ്ധമായ ഈ ദേവാലയം തകര്‍ത്തത്.
‘ഹാഗിയ സോഫിയ’യുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത ദേവാലയം ‘യെനി ഒസ്ലൂസ് മോസ്ക്’ പണികഴിപ്പിച്ചതിനെ തുടര്‍ന്ന് കള്‍ച്ചറല്‍ ആന്‍ഡ് നാച്ചുറല്‍ ഹെറിറ്റേജ് ബോര്‍ഡിന്റെ അനുമതിയോടെ 2006-ല്‍ നിലുഫര്‍ മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2009-ല്‍ സാംസ്കാരിക കേന്ദ്രമായി പരിവര്‍ത്തനം ചെയ്യുകയുമായിരിന്നു. എന്നാല്‍ റീജിയണല്‍ ഡയറക്ടറേറ്റ് ഓഫ് ഫൗണ്ടേഷന്‍സ് 2013-ല്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ ദേവാലയം ഇനെസിയെ വില്ലേജ് മോസ്ക് ഫൗണ്ടേഷന്റെ അധീനതയിലായി.
ഏഴു വര്‍ഷത്തോളമായി ഇത് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരിന്നു. ഏതാണ്ട് ഇരുപതു ലക്ഷം തുര്‍ക്കി ലിറ ചിലവഴിച്ചാണ് നിലുഫര്‍ മുനിസിപ്പാലിറ്റി ഈ കെട്ടിടം പുനരുദ്ധരിച്ചതെന്നു മേയര്‍ തുര്ഗെ എര്‍ദേം പറയുന്നു. സാംസ്കാരിക കേന്ദ്രമാക്കി മാറ്റി വരും തലമുറകള്‍ക്ക് വേണ്ടി സംരക്ഷിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കെട്ടിടം നിലൂഫര്‍ മുനിസിപ്പാലിറ്റി വാടകയ്ക്കു ചോദിക്കുന്നത് വരെ അവകാശവാദമുന്നയിച്ച് ആരും രംഗത്ത് വന്നിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ‘ഹാഗിയ സോഫിയ’യും, മറ്റൊരു ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയവും മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത തുര്‍ക്കിയുടെ നടപടിയ്ക്കെതിരെ ആഗോളതലത്തില്‍ തന്നെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയവും നാമാവിശേഷമാക്കി ഭരണകൂടത്തിന്റെ ക്രൈസ്തവ വിരുദ്ധത തുടരുന്നത്.