Menu Close
സീറോ മലബാർ സഭയുടെ 29-ാമത് സിനഡ് ആരംഭിച്ചു
January 12, 2021

Janaprakasam

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡിന്‍റെ ഒന്നാം സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഓണ്‍ലൈനായാണു സിനഡ് സമ്മേളനം. ഇന്നലെ വൈകുന്നേരം മേജര്‍ ആര്‍ച്ച്ബിഷപ് തിരി തെളിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 63 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡില്‍ പങ്കെടുക്കുന്നത്.

സീറോമലബാര്‍ സഭയ്ക്കു ദൈവം നല്‍കിയ അനുഗ്രഹങ്ങളെയോര്‍ത്തു മേജര്‍ ആര്‍ച്ച്ബിഷപ് ഉദ്ഘാടന പ്രസംഗത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞു. സഭയിലെ രൂപതകളിലും സന്യാസസമൂഹങ്ങളിലും നിന്നായി 235 ഡീക്കന്മാരാണ് ഈ വര്‍ഷം വൈദികപട്ടം സ്വീകരിച്ചത്. കോവിഡ്കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും അജപാലനരംഗത്തു സജീവസാന്നിധ്യമായി രൂപതകളും സമര്‍പ്പിതസമൂഹങ്ങളും ചെയ്ത സേവനങ്ങളെ മേജര്‍ ആര്‍ച്ച്ബിഷപ് പ്രത്യേകം പ്രശംസിച്ചു. താമരശേരി രൂപതയുടെ മുന്‍ ബിഷപ് മാർ പോള്‍ ചിറ്റിലപ്പിള്ളിയെയും ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്തിനെയും പ്രത്യേകം പരാമര്‍ശിച്ച കര്‍ദിനാള്‍ അവരുടെ നിസ്തുല സംഭാവനകളെ അനുസ്മരിക്കുകയും നിത്യശാന്തിക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.

ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധിയായി സേവനം ചെയ്തു ബ്രസീലിന്‍റെ നുന്‍ഷ്യോ ആയി സ്ഥലം മാറിപ്പോയ ആര്‍ച്ച്ബിഷപ് ജാംബാത്തിസ്ത ദി ക്വാത്രോയ്ക്കും മേജര്‍ ആര്‍ച്ച്ബിഷപ് കൃതജ്ഞതയര്‍പ്പിച്ചു.

പൗരോഹിത്യ സുവര്‍ണ ജൂബിലിയാഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലിനും മെല്‍ബണ്‍ രൂപത മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂരിനും കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ ഗീവര്‍ഗീസ് മാര്‍ അപ്രേമിനും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസകളര്‍പ്പിച്ചു.

വൈദികരുടെ ജീവിതവിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിനു മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വൈദികരും സമര്‍പ്പിതരും സെമിനാരിക്കാരും ക്രിസ്തുകേന്ദ്രീകൃതമായ ജീവിതമാണ് നയിക്കേണ്ടതെന്നും സഭയിലുള്ള എല്ലാ ഉത്തരവാദിത്വനിര്‍വഹണങ്ങളിലും ഈ ആത്മീയ സമീപനം നഷ്ടപ്പെടരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നു പറഞ്ഞ കര്‍ദിനാള്‍ മാർ ആലഞ്ചേരി ജനങ്ങളുടെ സഹനങ്ങളില്‍ ആശ്വാസം നല്‍കുന്നതിനായിരിക്കണം സഭയുടെ പ്രാഥമിക മുന്‍ഗണനയെന്ന് എടുത്തുപറഞ്ഞു. ജനുവരി 16നാണ് സിനഡ് സമാപിക്കുന്നത്. സിനഡ് ദിവസങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതാണ്.

ReplyForward
Share on facebook
Share on twitter
Share on whatsapp