Menu Close
പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിനെതിരെ ആഞ്ഞടിച്ച് മലയോര ജനതയുടെ പ്രതിഷേധം
November 17, 2020

Janaprakasam

സൈലന്റ് വാലി ദേശീയോദ്യാനത്തിനു ചുറ്റും വരുന്ന പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിനെതിരെ ജില്ലയിൽ കർഷക പ്രക്ഷോഭം ശക്തമാക്കി. ദേശീയോദ്യാനത്തിനു ചുറ്റുമായി 148 ചതുരശ്ര കി.മീ സ്ഥലം ഉൾപ്പെടുത്തിയാണ് പരിസ്ഥിതി ലോല മേഖലയാക്കാനുള്ള വിജ്ഞാപനം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. വിജ്ഞാപനത്തിനെതിരേ മലയോര കര്‍ഷകർ പ്രക്ഷോഭം ആരംഭിച്ചു. അതിനുമുന്നോടിയായി ഇന്നലെ വില്ലേജുകളുടേയും പോസ്റ്റ് ഓഫീസുകളുടേയും മുന്നിൽ കർഷക നില്പു സമരം നടത്തി. കെഐഎഎഫ് (കേരള ഇന്റിപെന്റൻഡ് ഫാമേർസ് അസോസിയേഷൻ), എകെസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മലയോര കര്‍ഷക ജനത കരട് വിജ്ഞാപനത്തിനെതിരേ അണിനിരന്നു.
ആനമൂളി ഫോറസ്റ്റ് സ്റ്റേഷൻ, ആനമൂളി ചെക്ക് പോസ്റ്റ്, തെങ്കര പോസ്റ്റ് ഓഫീസ്, കണ്ടമംഗലം പോസ്റ്റ് ഓഫീസ്, പൂഞ്ചോല പോസ്റ്റ് ഓഫീസ്, കാരറ പോസ്റ്റ് ഓഫീസ്, പൊറ്റശേരി വില്ലേജ് ഓഫീസ്, പാലക്കയം വില്ലേജ് ഓഫീസ്, പയ്യനടം വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നൂറുകണക്കിന് കർഷകർ നില്പ് സമരത്തിൽ പങ്കാളികളായി. 
പാലക്കയം വില്ലേജ് ഓഫീസിനു മുന്നിലെത്തിയ സമരാംഗങ്ങളെ സിബി കാഞ്ഞിരപ്പാറ സ്വാഗതം ചെയ്തു. അഡ്വ. ബോബി സെബാസ്റ്റ്യൻ സമരം ഉദ്‌ഘാടനം ചെയ്തു. പാലക്കയം സെന്റ്. മേരീസ് പള്ളി വികാരി ഫാ. രാജു പുളിക്കത്താഴെ, വിൻസെന്റ് ഡി പോൾ രൂപതാ പ്രസിഡന്റ് സണ്ണി മാത്യു, പി. സി. രാജൻ എന്നിവർ പ്രസംഗിച്ചു. 
കാഞ്ഞിരപ്പുഴ പൊറ്റശേരി വില്ലേജിനു മുന്നിൽ നടന്ന സമരം പഞ്ചായത്ത് മുൻ പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി മുൻ ജില്ലാ പഞ്ചായത്ത് മെംമ്പർ അച്യുതൻ നായർ ആശംസയും, കിഫ പ്രതിനിധി അഡ്വ. കെ. ടി. തോമസ് കിഴക്കേക്കര മുഖ്യപ്രഭാഷണവും നടത്തി. ഫൊറോന വികാരി ഫാ. ജോർജ്ജ് തെരുവൻകുന്നേൽ, സി. ജെ. ബേബി, ജോയ് ജോസഫ്, ബിജു കടുകാംമാക്കൽ, ചാമുണ്ണി, ശിവൻ എന്നിവർ സംസാരിച്ചു. 
കണ്ടമംഗലം പോസ്റ്റ് ഓഫീസിനു മുന്നിൽ കിഫയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ കണ്ടമംഗലം വികാരി ഫാ. സജി പനപറമ്പിൽ വിഷയാവതരണം നടത്തി. മുൻ മെംബർ എം. മനോജ്, സോണി പി. ജോര്‍ജ് എന്നിവർ സംസാരിച്ചു. 
പൂഞ്ചോല പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന നില്പു സമരം ഇടവക വികാരി ഫാ. ലിവിൻ ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ മേഖലകളിൽ നടന്ന നില്പു സമരത്തിൽ ജാതി മത ഭേദമന്യേ കർഷകർ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. 
കരട് വിജ്ഞാപനത്തിന്റെ പേരിൽ രേഖകൾ കൈവശമുള്ള ഭൂമി നഷ്ടപ്പെടുത്താൻ സാധ്യമല്ലെന്നും, കൃഷിയിടങ്ങളും ജനവാസ മേഖലകളും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം പുനഃപരിശോധിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കർഷകർ പറഞ്ഞു. വിവിധ സമര പരിപാടികള്‍ ഉണ്ടാകുമെന്നും, കർഷകരുടെ അവകാശങ്ങൾ നേടുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. 
Share on facebook
Share on twitter
Share on whatsapp