Menu Close
ഭീകരവാദത്തിനെതിരെ പൊതുവായ പ്രവർത്തനപദ്ധതി തയാറാക്കി യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ.
November 16, 2020

Janaprakasam

ഫ്രാൻസിലെ നീസിലും ഓസ്ട്രിയയിലെ വിയന്നയിലും നടന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരെ പൊതുവായ പ്രവർത്തനപദ്ധതി തയാറാക്കി യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ. പാരീസിൽ 130 പേരുടെ അരുംകൊലയ്ക്ക് കാരണമായ, 2015 നവംബർ 13ലെ ഇസ്ലാമിക ഭീകരാക്രമണത്തിന്റെ അഞ്ചാം വാർഷികത്തിൽ വീഡിയോ കോൺഫറൻസിലൂടെ സമ്മേളിച്ച യൂറോപ്പ്യൻ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ ചർച്ചയിലാണ് ഭീകരവാദത്തിനെതിരായ പൊതുവായ പ്രവർത്തനപദ്ധതിക്ക് രൂപംകൊടുത്തത്.

അതിർത്ഥികളിലെ നിയന്ത്രണം കർശനമാക്കുക, വ്യക്തികളെ തീവ്രവാദത്തിലേക്കു നയിക്കുന്നതും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതുമായ സാമൂഹ്യ മാധ്യമ ഉള്ളടക്കങ്ങൾക്ക് അറുതി വരുത്തുക, ജിഹാദികൾ യൂറോപ്പിലേക്ക് കടക്കുന്നത് തടയാനുള്ള നിരീക്ഷണം ശക്തമാക്കുക എന്നീ മൂന്നു കാര്യങ്ങൾക്കാണ് മുൻഗണന. കൂടാതെ, ഭീകരവാദത്തെ സംബന്ധിച്ച സ്ഥിതിവിവരങ്ങളുടെ കൈമാറ്റം, വിവിധ രാജ്യങ്ങളിലെ നിയമപാലകരുടെ കൂട്ടായ യത്‌നങ്ങൾ എന്നിവയോടൊപ്പം ഷെങ്കൻ രാജ്യങ്ങളുടെ ബാഹ്യാതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള നിർദേശങ്ങളും പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുന്നു.

ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഓസ്ട്രിയൻ ചാൻസിലർ കുർട്‌സ്, ഭീകരാക്രമണങ്ങൾക്കു പിന്നിലെ ആശയലോകം പൊളിറ്റിക്കൽ ഇസ്‌ലാമിന്റേതാണെന്നും എല്ലാ തലങ്ങളിലും അതിനെതിരേ പോരാടണമെന്നും പറഞ്ഞു. ഭീകരവാദത്തിനെതിരായ യുദ്ധത്തെ ക്രിസ്തുമതവും ഇസ്ലാമുമായുള്ള യുദ്ധമായി കാണരുത്. ജനാധിപത്യ വ്യവസ്ഥിതിക്കെതിരെ ഭീകരവാദപരവും ജനാധിപത്യവിരുദ്ധവുമായ ശക്തികൾ നടത്തുന്ന ആക്രമണത്തെ കൂടുതൽ ശക്തിയോടും ദിശാബോധത്തോടുംകൂടെ നേരിടേണ്ടതുണ്ടെന്നും മെർക്കൽ ചൂണ്ടിക്കാട്ടി.

ബാഹ്യാതിർത്തികൾ സംരക്ഷിക്കുക എന്നതാണ് ഷെങ്കൻ കരാറിന്റെ കാതൽ. ആരാണ് യൂറോപ്പിൽ വരുന്നതെന്നും പോകുന്നതെന്നും അറിയണം. അതുകൊണ്ട് കുടിയേറ്റം, അഭയാർത്ഥിപ്രശ്‌നം എന്നിവയിൽ ഡിസംബറോടെ സമന്വയത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും ജർമൻ ആഭ്യന്തരമന്ത്രി സേഹോഫർ വ്യക്തമാക്കി. ഇസ്ലാമിക തീവ്രവാദികൾ പാരീസിൽ നടത്തിയ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട 130 പേരെ അനുസ്മരിച്ച് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ അനുസ്മരണാ ചടങ്ങുകൾ നടന്നു. ഭീകരാക്രമണം നടന്ന പാരിസിലെ റെസ്റ്റോറന്റിന് മുന്നിൽ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കാനണഞ്ഞത്. 
  
 
 
Share on facebook
Share on twitter
Share on whatsapp