Menu Close
പ്രോലൈഫ് നയങ്ങൾക്ക് അന്ത്യം കുറിക്കുവാന്‍ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
November 16, 2020

Janaprakasam

വാഷിംഗ്ടണ്‍ ഡി‌.സി: അടുത്ത വര്‍ഷം ജനുവരി മാസം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്താല്‍ ഉടനെ ഡൊണാള്‍ഡ് ട്രംപ് പ്രാബല്യത്തില്‍ കൊണ്ടുവന്ന പ്രോലൈഫ് നയങ്ങൾക്ക് അന്ത്യം കുറിക്കുവാന്‍ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പദ്ധതികൾ തയ്യാറാക്കുമെന്ന് സൂചന. ഇപ്പോഴും തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് അവ്യക്തത തുടരുന്നുണ്ടെങ്കിലും മാധ്യമങ്ങൾ ബൈഡനെ വിജയിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബൈഡന്റെ ടീം പുറത്തുവിട്ട ‘ബൈഡൻ അഡ്മിനിസ്ട്രേഷൻ അജണ്ട’യിൽ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ഉടനെ അദ്ദേഹമെടുക്കാൻ പോകുന്ന ഭരണപരമായ തീരുമാനങ്ങളെ പറ്റി വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. 
 
അജണ്ടയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ആദ്യ ദിവസങ്ങളിൽ തന്നെ ട്രംപ് എടുത്തിരുന്ന നിലപാടുകളിൽനിന്ന് വിഭിന്നമായി പ്ലാൻഡ് പാരന്‍റ്ഹുഡ് എന്ന കുപ്രസിദ്ധ ഭ്രൂണഹത്യ ശൃംഖലയ്ക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകാനുളള ഉത്തരവിറക്കും. ഇതുകൂടാതെ അമേരിക്കയ്ക്ക് പുറത്തുള്ള ഭ്രൂണഹത്യ നടത്തുന്ന പ്രസ്ഥാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ് കൊണ്ടുവന്ന ‘മെക്സിക്കോ സിറ്റി പോളിസി’യിലടക്കം മാറ്റം കൊണ്ടുവരുമെന്ന് സൂചനകളുണ്ട്. റൊണാൾഡ് റീഗന്റെ ഭരണകാലയളവിലാണ് ‘മെക്സിക്കോ സിറ്റി പോളിസി’ ആദ്യമായി രൂപമെടുക്കുന്നത്. റീഗനു ശേഷം വന്ന രണ്ട് ഡെമോക്രാറ്റിക് പ്രസിഡന്റുമാരും സ്ഥാനം ഏറ്റെടുത്ത ഉടനെ ‘മെക്സിക്കോ സിറ്റി പോളിസി’ക്ക് വിലക്കേർപ്പെടുത്തി. ഒബാമയുടെ കാലയളവിലും ഇതായിരുന്നു അവസ്ഥ. എന്നാൽ ട്രംപ് 2016ൽ പ്രസിഡന്റായ ഉടനെ വീണ്ടും ‘മെക്സിക്കോ സിറ്റി പോളിസി’ ഭരണതലത്തിൽ നടപ്പിലാക്കുകയായിരുന്നു.ഇതുകൂടാതെ 2019ൽ കുടുംബാസൂത്രണത്തിനുവേണ്ടി നൽകിവരുന്ന ടൈറ്റിൽ- എക്സ് സാമ്പത്തിക സഹായം ഭ്രൂണഹത്യ നടത്തി നൽകുന്ന ക്ലിനിക്കുകൾക്കും, ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന ക്ലിനിക്കുകൾക്കും നൽകില്ല എന്ന തീരുമാനവും ട്രംപ് ഭരണകൂടം ‘പ്രൊട്ടക്ട് ലൈഫ്’ എന്ന നയപരിപാടിയിലൂടെ കൈക്കൊണ്ടിരുന്നു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് പ്ലാൻഡ് പാരന്‍റ്ഹുഡ് ടൈറ്റിൽ- എക്സ് സാമ്പത്തിക സഹായം വേണ്ടെന്ന് വെച്ചു. എന്നാൽ ബൈഡൻ പാരന്‍റ്ഹുഡിന് നൽകുന്ന സാമ്പത്തിക സഹായം വർദ്ധിപ്പിച്ചാൽ പ്രൊട്ടക്ട് ലൈഫ് എന്ന ട്രംപ് ഭരണകൂട നയം ദുർബലമാകും. 
 
മതസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ വേണ്ടിയുള്ള ഇൻഷുറൻസ് പരിരക്ഷ നൽകാൻ സ്ഥാപന അധികാരികളെ പ്രേരിപ്പിക്കുന്ന നിയമവും ബൈഡൻ നടപ്പിലാക്കുമെന്നും കരുതപ്പെടുന്നു. ഇതെല്ലാം കൂടാതെ ഭ്രൂണഹത്യ രാജ്യമൊട്ടാകെ നിയമവിധേയമാക്കിയ സുപ്രീം കോടതിയുടെ 1973ലെ റോ- വേഡ് വിധി ഭരണഘടന നിയമമാക്കാനും ബൈഡന് പദ്ധതിയുണ്ട് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനത്തെത്തിയാൽ മുൻ ഭരണകൂടത്തിൽ നിന്ന് വിഭിന്നമായി ഭ്രൂണഹത്യ അനുകൂല നിലപാടുകള്‍ സ്വീകരിക്കുമെന്ന് നിരവധി പ്രോലൈഫ് സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. 
 
 
Share on facebook
Share on twitter
Share on whatsapp