Menu Close
നെന്മാറ ക്രിസ്തുരാജ ദേവാലയത്തിന്റെ ഗ്രോട്ടോയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.
August 26, 2020

News Headline

നെന്മാറ : ക്രിസ്തുരാജ ദേവാലയത്തിനു മുന്നിലെ വേളാങ്കണ്ണി മാതാവിന്റെ ഗ്രോട്ടോയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. തിങ്കളാഴ്ച രാത്രി ഉണ്ടായ കല്ലേറിൽ ഗ്രോട്ടോയുടെ ചില്ലുകളും മാതാവിന്റെ രൂപവും തകര്‍ന്നു. രാവിലെയാണ് അക്രമണം ശ്രദ്ധയിൽ പെട്ടത്. എറിഞ്ഞ കല്ലുകൾ ഗ്രോട്ടോയ്ക്ക് ഉള്ളിൽ തന്നെ വീണ് കിടപ്പുണ്ട്. ഇതേ തുടര്‍ന്ന് ഇടവക വികാരി ഫാ. റെജി പെരുമ്പിള്ളിൽ നെന്മാറ പോലീസിൽ പരാതി നല്‍കി.

                 ദേവാലയത്തിനു സമീപവും, ബസ്സ്റ്റാന്‍ഡിനു പുറകിലും, സമീപപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പരിസരപ്രദേശങ്ങളിൽ ഇതിനു മുമ്പും ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതായ് പരാതി ഉയര്‍ന്നിരുന്നു.

                 പഞ്ചായത്തിന്റെ സിസിടിവി ഗ്രോട്ടോയ്ക്ക് മുന്നിലായ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമല്ല. പഞ്ചായത്ത് ടൗണിലും പരിസരത്തുമായി 20 സിസിടിവി കൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അവ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. ഭരണ സമിതികകൾ നിഷ്ക്രിയരായി തുടരുന്നതിന്റ ഫലമായി നിലവിൽ പല സുരക്ഷാ സംവിധാനങ്ങളും നിശ്ചലമാണ്. അതിന്റെ മറവിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ ഇത്തരം ആക്രമണങ്ങള്‍ തുടർക്കഥയാകുന്നത് സമീപവാസികളിലും, വ്യാപാരികളിലും ആശങ്ക പരത്തുന്നുണ്ട്.

          എത്രയും വേഗം പഞ്ചായത്തിന്റെ പ്രവര്‍ത്തനരഹിതമായ ക്യാമറകൾ മാറ്റി വയ്ക്കണമെന്നും, സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങൾക്കു നേരെ നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമാണ്. ദേവാലയത്തിലെ ഗ്രോട്ടോയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് നെന്മാറ സി. ഐ. എ. ദീപകുമാർ പറഞ്ഞു.

Share on facebook
Share on twitter
Share on whatsapp