Menu Close
മാർ ജോസഫ് ഇരിമ്പൻ അനുസ്മരണം
August 23, 2020

News Headline

അദ്ധ്വാനത്തിൻ്റെ വിയർപ്പുതുള്ളികളാൽ കുതിർന്ന പാലക്കാടിന്റെ പവിത്രതയാർന്ന മണ്ണിൽ വിശ്വാസദീപം തെളിയിച്ചു വെച്ച കാലാതീതനായ കർമ്മയോഗിയായിരുന്നു നെല്ലറയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് ഇരുമ്പൻ പിതാവ്. ജീവിതത്തിന്റെ കനൽ വഴികളിലൂടെ നീങ്ങുമ്പോൾ പ്രാർത്ഥനയുടെ പാദമുദ്ര ചരിത്രത്തിന്റെ താളുകളിൽ പതിപ്പിച്ച ഈ വത്സല പിതാവ് വാക്കുകളിൽ ഒതുങ്ങാത്ത വാത്സല്യത്തെ തന്റെ അജപാലനമായി സ്വീകരിക്കുകയായിരുന്നു. സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനുമുള്ള വിളി തന്റെ സമർപ്പണത്തിൽ കണ്ടെത്തിയ ആ വലിയ മനസ്സിൻ്റെ ഉടമ മണ്ണിന്റെ ഈ മക്കളുടെ മനസ്സിൽ തൻ്റെ ശുശ്രൂഷാ ജീവിതം ആരംഭിക്കുകയായിരുന്നു.
1919 ൽ ഇരിങ്ങാലക്കുട രൂപതയിലെ പൂവത്തുശ്ശേരി ഇടവകയിൽ തളിർത്ത ഈ വിശുദ്ധ ജന്മം 1997 ഓഗസ്റ്റ് 23-ാം തീയതി ഈ വിളഭൂമിയിൽ നിന്നും വിടവാങ്ങിയപ്പോൾ നഷ്ടമായത് വത്സല നിധിയായ ഒരു പിതാവിനെ മാത്രമല്ല, ഊഷരതയിൽ ദൈവരാജ്യത്തിന്റെ വിത്ത് വിതറുകയും വിയർപ്പൊഴുക്കി അതിനെ പരിപാലിക്കുകയും വൈതരണികളെ സധൈര്യം നേരിടുകയും വാക്കും പ്രവൃത്തിയും രണ്ടല്ലാതെ സൂക്ഷിക്കുകയും ചെയ്ത ഒരു വിശുദ്ധ ജന്മത്തെ കൂടിയാണ്. ഇഴപിരിക്കാനാവാത്ത മനുഷ്യ ബന്ധങ്ങൾ കൊണ്ടും പകരം വെയ്ക്കാനില്ലാത്ത ആത്മീയ ചര്യ കൊണ്ടും സമാനതകളില്ലാത്ത ഈ വ്യക്തിത്വം നമ്മിൽ നിന്നും യാത്രയായിട്ട് കാൽ നൂറ്റാണ്ടിനോട് അടുക്കുമ്പോഴും ആ കർമ്മയോഗി ഉള്ളിൽ സൂക്ഷിച്ചിരുന്ന കനലിന്റെ ചൂട് ഒരു വിശ്വാസ സമൂഹം തെല്ലും കുറയാതെ സൂക്ഷിക്കുന്നു എന്നതാണ് മാർ ഇരുമ്പൻ പിതാവിനെ വ്യതിരിക്തനാക്കുന്നത് .വാക്കുകളിലും പ്രവൃത്തിയിലും ദൈവാനുഭവത്തിൻ്റെ സാക്ഷ്യമായി വിശ്വാസ സമൂഹത്തിൻ്റെ കനലുകളെ ജ്വലിപ്പിച്ച ആ ഓർമ്മകൾക്കു മുമ്പിൽ സ്നേഹപ്രണാമം.

Share on facebook
Share on twitter
Share on whatsapp